ഓണത്തിന് ചേന്ദമംഗലത്തിൻെറ ചെണ്ടുമല്ലി പൂക്കൾ
text_fieldsകൊച്ചി: ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കൾക്കായി ചേന്ദമംഗലത്തുകാർക്ക് ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. നാടിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് അവർ സ്വയം പര്യാപ്തരായി മാറി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു. തെക്കുമ്പുറം ചിറപ്പുറത്ത് ബൈജുവിൻെറ കൃഷിയിടത്തിലായിരുന്നു ഉദ്ഘാടനം.
പഞ്ചായത്തിലെ 18 വാർഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവൻ ഹരിത ഇക്കോ ഷോപ്പ് വഴി നൽകിയത്. പദ്ധതി പ്രകാരം തൈകളും ജൈവവളവും സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കോവിഡ് ഭീതിയും മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയഭീതിയും ജനങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും ലോക്ഡൗൺ കാലം അവർ നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിൻെറ ഗ്രീൻ ചലഞ്ച് പദ്ധതിയിൽ പച്ചക്കറി കൃഷി ചെയ്ത് കിട്ടിയ ആത്മവിശ്വാസം ജനങ്ങൾക്ക് പുഷ്പ കൃഷിചെയ്യാൻ കരുത്ത് പകർന്നു. ഇന്ന് പഞ്ചയത്തിൻെറ വിവിധ സ്ഥലങ്ങളിൽ ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കാൻ പാകമായി നിൽക്കുകയാണ്.
കോവിഡ് മഹാമാരി നാടിനെ ഉലയ്ക്കുമ്പോഴും ഈ പൂക്കൾ കാണുമ്പോഴുള്ള സന്തോഷത്തിലാണ് ചേന്ദമംഗലം നിവാസികൾ. പഞ്ചായത്തിലെ തരിശായി കിടന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തും ടെറസിലുമായി ചെയ്ത കൃഷി വൻ വിജയമായി മുന്നേറുകയാണ്. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള നാലു ടൺ വരെ പൂക്കൾ പഞ്ചായത്തിൽ വിളവെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിത സ്റ്റാലിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ബബിത ദിലീപ്, റിനു ഗിലീഷ്, രശ്മി അജിത്കുമാർ, കൃഷി ഓഫീസർ ആതിര പി. സി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിഷ പി.ജി, കൃഷി അസിസ്റ്റന്റ് സിജി എ.ജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.