പഴകിയ കോഴിയിറച്ചി വിതരണം നടത്തിയത് മാളിൽ അടക്കം അമ്പതോളം സ്ഥാപനങ്ങളിൽ
text_fieldsകളമശ്ശേരി: പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത കൈപ്പടമുഗളിലെ വീട്ടിൽ പൊലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ജില്ലയിലെ മാളിൽ അടക്കം അമ്പതോളം സ്ഥാപനങ്ങളിൽ വിതരണം നടത്തിയതായാണ് കണ്ടെത്തൽ. എം.ജി. റോഡ്, കാക്കനാട്, പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കളമശേരി, ആലുവ, അങ്കമാലി തുടങ്ങി പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ഇറച്ചിവിതരണം നടത്തിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ചെറുതും വലുതുമായ ബിൽ ബുക്കുകൾ, കണക്കുകൾ രേഖപ്പെടുത്തിയ ബുക്കുകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇവ കെട്ടിടത്തിലെ അലമാരയിൽ നിന്നും ശുചിമുറിയിൽ നിന്നുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ലൈസൻസില്ലാതെയാണ് പ്രവർത്തനം നടത്തിയത്. തവാഫ്ചിക്കൻ കൈപ്പടമുഗൾ എന്ന പേരിലാണ് ബിൽ ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതാണ് വിതരണത്തിന് ഉപയോഗിച്ചുവന്നതും.വിതരണം നടത്തിവന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിടണമെന്നാണ് സംഭവവുമായി ഉയർന്ന പൊതുവായ ആവശ്യം. എന്നാൽ, ഇത് സംബന്ധിച്ച് ലഭിച്ച രേഖകളിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ നഗരസഭ തയാറായിട്ടില്ല.
കഴിഞ്ഞ അഞ്ചിനാണ് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പ്രദേശത്ത് നിന്നും സ്ഥാപനത്തിനെതിരെ പരാതി ഉയർന്നത്. ഇതനുസരിച്ച് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് പുറത്തിരുന്ന ഫ്രീസറിൽനിന്ന് 515 കിലോ പഴകിയ കോഴി ഇറച്ചി പിടിച്ചെടുത്തത്. തമിഴ്നാട് ഫാമുകളിൽനിന്നും ഇവിടെ എത്തിക്കുന്ന ഇറച്ചി സ്ഥാപനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടം വാടകക്കെടുത്ത പാലക്കാട് സ്വദേശി ജുനൈസിനും കെട്ടിട ഉടമ നിസാർ മരയ്ക്കാർക്കും എതിരെ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.