കുടിയൊഴിപ്പിച്ച കുടുംബത്തിന് ജപ്തി നോട്ടീസ്: ആരോപണം നിഷേധിച്ച് വാട്ടർ അതോറിറ്റി
text_fieldsകൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനായി 14 വർഷം മുമ്പ് കുടിയൊഴിപ്പിച്ച കുടുംബത്തിന് ജപ്തി നോട്ടീസ് നൽകിയതായ ആരോപണം നിഷേധിച്ച് വാട്ടർ അതോറിറ്റി. 14 വർഷം മുമ്പ് അവസാനമായി പണം അടച്ചശേഷം കണക്ഷൻ വിച്ഛേദിക്കാൻ അപേക്ഷ നൽകാത്തതിനാലാണ് ഇത്തരമൊരു നോട്ടീസ് നൽകേണ്ടിവന്നതെന്നാണ് ഇവരുടെ വിശദീകരണം.
65രൂപ ഡിസ്കണക്ഷൻ ഫീസ് നൽകി പരിഹരിക്കാവുന്ന പ്രശ്നമാണ് ഇപ്പോഴത്തേതെന്നും വാട്ടർ അതോറിറ്റി കലൂർ അസി. എക്സി. എൻജിനീയർ അറിയിച്ചു. മൂലമ്പിള്ളിയിൽനിന്ന് കിടപ്പാടം ഇടിച്ചുനിരത്തി ബലമായി കുടിയൊഴിപ്പിക്കപ്പെട്ട പനക്കവീട്ടിൽ മേരി ഫ്രാൻസിസിനാണ് 5468 രൂപ കുടിശ്ശിക അടക്കാത്തതിനാൽ റവന്യൂ റിക്കവറി സ്വീകരിച്ചെന്നും പരാതിയുണ്ടെങ്കിൽ വരുന്ന 25ന് അദാലത്തിൽ പങ്കെടുക്കണമെന്നും വാട്ടർ അതോറിറ്റി കലൂർ അസി. എക്സി. എൻജിനീയർ നോട്ടീസ് അയച്ചത്. 2008 മേയ് മുതൽ 2012 ഒക്ടോബർവരെയുള്ള ബില്ലും അയച്ചിരുന്നു. 25ന് നടക്കുന്ന അദാലത്തിൽ അർഹമായ ഇളവ് നൽകി ഇത്തരം കേസുകളിൽ പരിഹാരമുണ്ടാക്കാനാണ് തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു.
നോട്ടീസ് നൽകിയത് ജപ്തി നടപടി അല്ല. കെട്ടിടം പൊളിച്ചുപോയ കാരണത്താൽ വെള്ളം ഉപയോഗിക്കുന്നില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ 65രൂപ ഫീസ് നൽകി അപേക്ഷ നൽകേണ്ടകാര്യത്തിൽ അറിവില്ലാത്ത നിരവധിപേർ ഉള്ളതായും അവർക്ക് റിക്കവറി നടപടികൾ ഒഴിവാക്കി കൊടുക്കുന്നതിനാണ് അദാലത് നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.