റോഡിന്റെ വശങ്ങൾ കാട് മൂടുന്നു; മാലിന്യം തള്ളലും വ്യാപകം
text_fieldsചെങ്ങമനാട്: ചെങ്ങമനാട്- മംഗലപ്പുഴ റോഡിൽ പനയക്കടവ് പാലം മുതൽ റോഡിന്റെ വശങ്ങൾ കാടുമൂടി കിടക്കുന്നതിനാൽ മാലിന്യംതള്ളുന്നത് വ്യാപകമായെന്ന് പരാതി. തലക്കൊള്ളി ഭാഗത്തെ വാകമരങ്ങൾ പടർന്നുപന്തലിച്ച ഭാഗം പൊരിവെയിലിൽ വലയുന്ന വഴിയാത്രക്കാർക്ക് വിശ്രമിക്കാനുതകുന്ന ഇടമാണെങ്കിലും കിഴക്കുവശത്തെ താഴ്ചയുള്ള ചതുപ്പ് പാടങ്ങളിലും സമീപ വഴിയോരങ്ങളിലും മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധംമൂലം ഇവിടെ കേന്ദ്രീകരിക്കാൻ യാത്രക്കാർ മടിക്കുകയാണ്.
മാലിന്യം തള്ളുന്നത് രൂക്ഷമായതോടെ പഞ്ചായത്തും വാർഡ് മെംബറും സമീപവാസികളും പല നടപടികളെടുക്കുന്നുണ്ടെങ്കിലും അതൊന്നും പരിഹാരമാകുന്നില്ല. കുത്തനെയുള്ള വളവുംതിരിവും വശങ്ങൾ അഴമുള്ള കുഴികളും ചതുപ്പ് നിലങ്ങളുമായതിനാൽ അപകടസാധ്യതയും ഏറെയാണ്.
2018ലെ പ്രളയത്തിന്ശേഷം വനപ്രദേശങ്ങളിൽ നിന്നെത്തിയ കീരിയും കുറുക്കനും മരപ്പട്ടികളും മലമ്പാമ്പുകളുമടക്കം ക്ഷുദ്രജീവികളുടെ ശല്യം രൂക്ഷമായി. കുറുക്കൻമാരും സമീപവാസികൾക്ക് ഭീഷണിയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ കാൽപ്പാദം പൂർണമായും കുറുക്കൻ കഴിച്ച നിലയിലായിരുന്നു.
തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ കാട് വെട്ടി തെളിച്ചിരുന്നുവെങ്കിലും അത്തരം പദ്ധതികൾക്ക് ഫണ്ട് ലഭിക്കാതെ വന്നതോടെ സമീപവാസികളായ ഏതാനും കുടുംബങ്ങൾ മുൻകൈയെടുത്താണ് ശുചീകരിക്കുന്നത്. എന്നാൽ മൂന്നര കിലോമീറ്ററോളം ഭാഗം ശുചീകരിക്കുക അപ്രായോഗികമായിരുന്നു. വഴിയോരം കാട് മൂടിയതോടെ വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരിയായ വീട്ടമ്മ തലനാരിഴക്കാണ് മൂർഖന്റെ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെട്ടത്.
സ്ത്രീകളും വയോധികരുമടക്കം സമീപവാസികൾ പ്രഭാത, സായാഹ്ന സവാരിക്കും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. എന്നാൽ വഴിയോരം കാടുമൂടുന്നത് ഭീകര കാഴ്ചയായിട്ടും പൊതുമരാമത്ത് വകുപ്പധികൃതർ അതൊന്നും കണ്ടമട്ടില്ല. വകുപ്പ് മന്ത്രി അടക്കം അധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.