കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍
text_fieldsമലയാറ്റൂര്‍: കണ്ണിമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇറങ്ങി. മലയാറ്റൂര്‍ ഡി.എഫ്.ഒ കുറ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് വനപാലകസംഘം ആനകളെ ഓടിച്ച് ഉള്‍വനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആനകള്‍ നിൽക്കുന്ന സ്ഥലം കെണ്ടത്തി പടക്കവും ശക്തിയുള്ള ഗുണ്ടുകളും പൊട്ടിച്ചാണ് ആനകളെ ഓടിക്കാന്‍ ശ്രമിക്കുന്നത്.
യൂക്കാലി ഭാഗത്തുള്ള വിശാലമായ പറമ്പില്‍ ഓടിയെത്തിയ ആനക്കൂട്ടം വനത്തില്‍ കയറാന്‍ തയാറാവാതെ നിൽക്കുകയാണ്. 12ഓളം ആനകള്‍ ദിവസങ്ങളായി മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ സ്പീക്കറുകള്‍ സ്ഥാപിച്ച് ഉച്ചത്തില്‍ കടുവകളുടെ ശബ്ദം കേള്‍പ്പിച്ച് ആനകളെ ഓടിക്കാനുള്ള പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല.
പട്ടിപ്പാറ വനത്തിൽനിന്നാണ് കുട്ടിയാന അടക്കമുള്ള ആനക്കൂട്ടം ഇറങ്ങിയത്. അവയെ കണ്ണിമംഗലം അമ്പലത്തിനപ്പുറം വരെ എത്തിച്ചെങ്കിലും തിരിച്ച് കാട്ടിൽ കയറാതെ കറങ്ങിക്കറങ്ങി പാണ്ഡ്യൻചിറ തേക്കുതോട്ടത്തിൽ തിരികെ എത്തുകയായിരുന്നു.
ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും റോഡിന് ഇരുവശത്തുമുള്ള ഇല്ലിമരങ്ങളും കാടുകളും വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന വൈദ്യുതിവേലികള്‍ ആനകള്‍ തകര്‍ത്തു. കമ്പികള്‍ക്ക് മുകളില്‍ മരങ്ങള്‍ തള്ളിമറിച്ചിട്ടാണ് വൈദ്യുതിബന്ധം തകര്‍ക്കുന്നത്. കണ്ണിമംഗലത്തുനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരമുള്ള ഇല്ലിത്തോട് മൂന്നാം ബ്ലോക്കില്‍ ചൊവ്വാഴ്ച ഉച്ചക്ക് 20 ആനകള്‍ ഇറങ്ങിയിരുന്നു. നാട്ടുകാര്‍ ബഹളം െവച്ചാണ് ഇവയെ ഓടിച്ചത്.
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്, അസി. ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സർവേറ്റര്‍ സന്തോഷ്, കാലടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി.എസ്. രഞ്ജിത്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ കെ. കൃഷ്ണകുമാര്‍, കെ.പി. ഗോപിനാഥന്, ഷിബു തുടങ്ങിയവര്‍ ആനകളെ തുരത്താൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.