യാത്രക്കാരോട് മോശം പെരുമാറ്റം; നാല് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
text_fieldsആലുവ: യാത്രക്കാരോട് മോശമായി പെരുമാറുകയും ഓട്ടം പോകാതിരിക്കുകയും ചെയ്ത നാല് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ബൈപാസ് മേൽപാലത്തിന് അടിയിലുള്ള സീമാസ് ഭാഗത്തെ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
തോട്ടക്കാട്ടുകരയിലേക്ക് ഓട്ടം വിളിച്ചപ്പോൾ ഡ്രൈവർ പോവാൻ തയാറാകാത്തതും ഓട്ടം വിളിച്ച കുട്ടിയെയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെയും മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടിച്ചേർന്ന് പരസ്യമായി ആക്ഷേപിക്കുന്നതുമായ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മേയ് 30ന് രാത്രി എട്ടോടുകൂടി ആലുവ സീമാസിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ എത്തിയ, നടക്കാൻ ബുദ്ധിമുട്ടുള്ള മാതാവും അവരുടെ കുട്ടിയും ചേർന്ന് തോട്ടക്കാട്ടുകരയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നു. വിളിച്ച ഡ്രൈവർ ഓട്ടം പോവാൻ തയാറല്ലെന്ന് പറയുന്നതും തുടർന്ന് മറ്റ് ഏതാനും ഡ്രൈവർമാർ ചേർന്ന് അവരെ കളിയാക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു.
ആലുവ ജോയന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് വിശദ അന്വേഷണം നടത്തുകയും സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഓട്ടോറിക്ഷ ഡ്രൈവർമാരെയും ഓഫിസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഓഫിസിൽ കൂടിക്കാഴ്ചക്ക് ഹാജരായ വാഹന ഡ്രൈവർമാരുടെ മൊഴി പ്രകാരം, ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമായി.
ഇതേ തുടർന്ന്, സ്ത്രീ യാത്രികർക്ക് രാത്രിസമയത്ത് നേരിട്ട ദൗർഭാഗ്യകരമായ അനുഭവം ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടി എന്ന നിലക്ക്, കുറ്റകരമായ പെരുമാറ്റം നടത്തിയ സീമാസ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ പി.എം. ഷമീർ, പി.എം. ഷാജഹാൻ, പി.എം. സലീം, എം.കെ. നിഷാദ് എന്നിവരുടെ ലൈസൻസ് 20 ദിവസത്തേക്ക് സസ്പൻഡ് ചെയ്തതായി ജോയന്റ് ആർ.ടി.ഒ ബി. ഷഫീഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.