സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്ത് തട്ടിപ്പുകാർ; ഓൺലൈൻ ദുരുപയോഗമടക്കം നിരവധി കേസുകൾ
text_fieldsകൊച്ചി: അനധികൃത സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിച്ചതായി റിപ്പോർട്ട്. വട്ടിപ്പലിശ സംഘങ്ങൾ, മറ്റിതര പണപ്പിരിവ് സംഘങ്ങൾ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് വർധിച്ചിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളാണ് ഇതിലേറെയും. കോവിഡിന് ജനങ്ങൾക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് സംഘങ്ങളുടെ പ്രവർത്തനം. 2020 ജനുവരി മുതൽ 2022 ഫെബ്രുവരി 14വരെയുള്ള കാലയളവിൽ 502 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇതിൽ 315 എണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും 253 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 24 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നാണക്കേട് ഭയന്ന് പരാതി നൽകാത്തവരും നിരവധിയാണെന്നാണ് വിവരം.ഓൺലൈനിൽ വായ്പ ലഭ്യമാക്കുമെന്ന് പറയുന്ന ഊരും പേരുമില്ലാത്ത സംഘങ്ങളുടെ തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയുണ്ട്. അനധികൃത മൊബൈൽ ലോൺ ആപ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർ കടുത്ത സൈബർ അറ്റാക്കിനും ഇരയാകുന്നുണ്ട്. വായ്പ എടുക്കുന്നവരുടെ മൊബൈൽ ഹാക് ചെയ്ത് ഫോൺ നമ്പറുകൾ ശേഖരിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അശ്ലീലസന്ദേശങ്ങൾ അയച്ചാണ് കുടുക്കുന്നത്. അഭ്യസ്തവിദ്യരായ ആളുകളടക്കം ഇത്തരം ചതിക്കുഴികളിൽ വീഴുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കുകയാണ് അധികൃതർ.
ബോധവത്കരണത്തിലൂടെ ആളുകളിലേക്ക് തട്ടിപ്പുകാരുടെ വിവരങ്ങൾ എത്തിക്കുകയാണ് പ്രധാന ഇടപെടൽ. കൂടാതെ കേരള പൊലീസിന്റെ സൈബർ ഡോം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ വിവിധ ബാങ്കുകൾ, മൊബൈൽ വാലറ്റുകൾ, പേമെന്റ് ഗേറ്റ് വേ, ഇ-കോമേഴ്സ് വെബ്സൈറ്റുകൾ എന്നിവയുടെ നോഡൽ ഓഫിസർമാരെയും സൈബർ സെല്ലുകൾ, സൈബർ പൊലീസ് സ്റ്റേഷൻ, ഹൈടെക് സെൽ എന്നിവരെയും ഉൾപ്പെടുത്തി ഓൺലൈൻ ബാങ്കിങ് രംഗത്തെ തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിന് രൂപപ്പെടുത്തിയ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയറിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായ നിരവധി ആളുകളുടെ പണം ഇവരുടെ നേതൃത്വത്തിൽ വീണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സർക്കാറിന്റെ പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.