എറണാകുളത്ത് വൻ കഞ്ചാവ് വേട്ട
text_fieldsപള്ളിക്കര: 3.710 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ മഞ്ജയ് പണ്ഡിറ്റ് (37), വിശ്വജിത്ത് ബന്ധു(37) എന്നിവരാണ് പിടിയിലായത്. തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ പി.വി. ബേബിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് അമ്പലമേട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഴിക്കാട് ചാലിക്കര ഭാഗത്തുനിന്ന് വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർഥികളെയും അന്തർ സംസ്ഥാനക്കാരെയും ലക്ഷ്യംവെച്ചുള്ള വില്‍പനക്കാണ് പ്രതികള്‍ ഈ മേഖലയില്‍ കഞ്ചാവ് എത്തിച്ചത്. ചോറ്റാനിക്കര കോടതിയില്‍ എത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.
അമ്പലമേട് സബ് ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബി, എസ്.ഐമാരായ തോമസ് കെ. സേവ്യര്‍, പ്രസാദ്, എസ്.ഐമാരായ സുനില്‍കുമാര്‍, ജോസ്, റെജി, ബൈജു, എസ്.സി.പി.ഒമാരായ അജയ്കുമാര്‍, സുനില്‍കുമാര്‍, സി.പി.ഒമാരായ സലേഷ്, അഖില്‍, മനോഹര്‍, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോതമംഗലം: 12 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ. ലോകമല്ലേശ്വരം കോട്ടാംതുരുത്തി അജിത് ശിവനെയാണ് (33) കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചക്ക് കൊച്ചി-മധുര ദേശീയപാതയിൽ നെല്ലിമറ്റത്ത് വെച്ചാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 12.435 കിലോ കഞ്ചാവ് കണ്ടെടുത്തത്. ആറുതവണ നെല്ലിമറ്റത്ത് വന്ന് കിലോക്ക് 10,000 രൂപക്ക് നെല്ലിമറ്റത്തുള്ള ഒരാളിൽനിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
തൃക്കളത്തൂർ മേഖലയിൽ ലഹരി സംഘം പിടിമുറുക്കുന്നു
മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിക്കു സമീപത്തെ മുല്ലശ്ശേരിപ്പടി, കനാൽ ബണ്ട്, മേഖലകളിൽ ലഹരി സംഘത്തിന്റ അഴിഞ്ഞാട്ടം. രാത്രികാലങ്ങളിൽ പുറത്തുനിന്ന് എത്തുന്ന സംഘത്തിന്റ പ്രവർത്തനം മൂലം പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുന്നതായാണ് പരാതി.
രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തുനിന്ന് അനേകം മോട്ടർ പമ്പുകൾ മോഷണം പോയി. പ്രദേശവാസികളുടെ അറിയിപ്പിനെ തുടർന്ന് പായിപ്ര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.സി. വിനയൻ, പഞ്ചായത്ത് അംഗം സുകന്യ അനീഷ് എന്നിവർ സ്ഥലത്തെത്തി. പ്രദേശവാസികൾക്കൊപ്പം മൂവാറ്റുപുഴ പൊലീസ്, എക്സൈസ് വകുപ്പ്, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. പ്രദേശത്ത് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.