മാലിന്യം തള്ളൽ; പിഴ ഈടാക്കിയത് 58 ലക്ഷം
text_fieldsകാക്കനാട്: നിയമവിരുദ്ധമായി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ജില്ലയിൽ പിഴയായി ഈടാക്കിയത് 58,30,630 രൂപ. ഏപ്രിൽ മുതലുള്ള ആറു മാസത്തെ കണക്കാണിത്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തിന്റെയും ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന മാലിന്യമുക്ത നവകേരളം അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വീകരിച്ച നിയമനടപടികളുടെ ഭാഗമായ പിഴയും ജില്ലതല സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ചുമത്തിയ പിഴയും ചേർത്തുള്ള തുകയാണിത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3278 നിയമവിരുദ്ധ മാലിന്യം തള്ളലാണ് കണ്ടെത്തിയത്.
ഇതിൽ 3136 കേസിൽനിന്നായി 46,54,130 രൂപ പിഴ ചുമത്തി. 88 വാഹനവും പിടിച്ചെടുത്തു. മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് ജില്ലതല സ്ക്വാഡുകൾ നടത്തിയത് 976 പരിശോധനകളാണ്. 680 നിയമലംഘനങ്ങൾ കണ്ടെത്തി. 11,76,500 രൂപയാണ് പിഴ ചുമത്തിയത്.
നീക്കിയത് 3.34 ലക്ഷം കിലോ മാലിന്യം
കഴിഞ്ഞ ആറുമാസത്തിനിടെ 3,34,492 കിലോ മാലിന്യമാണ് തരംതിരിച്ച് നീക്കം ചെയ്തത്. റിജെക്ട് വേസ്റ്റ് (വിവിധ മാലിന്യം തരംതിരിക്കുമ്പോൾ ബാക്കിവരുന്നത്) 29,77,414 കിലോയും കെട്ടിക്കിടന്ന മാലിന്യം 13,98,262 കിലോയും ഇ-മാലിന്യം 247 കിലോയും അപകടകരമായ മാലിന്യം 846 കിലോയും ഗ്ലാസ് മാലിന്യം 65,451 കിലോയും മൾട്ടിലെയർ പ്ലാസ്റ്റിക് 96,618 കിലോയും സ്ക്രാപ് ഇനത്തിൽ 15,350 കിലോയും മാലിന്യം നീക്കി. മാലിന്യമുക്ത നവകേരളം കാമ്പയിൻ ഭാഗമായി ജില്ലയിലെ മാലിന്യ സംസ്കരണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചിട്ടുണ്ട്. 1682 മിനി എം.സി.എഫുകളും 116 എം.സി.എഫുകളും 14 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 2380 ഹരിത കർമ സേനാംഗങ്ങളും നഗരസഭയിൽ 640 അംഗങ്ങളും കോർപറേഷൻ പരിധിയിൽ 885 പേരുമാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.