തൃക്കാക്കരയിൽ മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിൽ; സ്വകാര്യ ഏജൻസി പിൻവാങ്ങിയെന്ന്
text_fieldsകാക്കനാട്: മാസങ്ങൾക്ക് ശേഷം തൃക്കാക്കരയിൽ മാലിന്യനീക്കം വീണ്ടും തടസ്സപ്പെട്ടു. ഭക്ഷ്യമാലിന്യം സംസ്കരിക്കാമെന്ന് ഏറ്റിരുന്ന സ്വകാര്യ ഏജൻസി മാലിന്യം എടുക്കാൻ വിസമ്മതിച്ചതോടെയാണ് നഗരസഭ പ്രദേശം ചീഞ്ഞുനാറാൻ തുടങ്ങിയത്. ഇതോടെ ഹരിതകർമ സേനയുടെ വാഹനങ്ങളിൽ മാലിന്യം നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണ്.
നേരത്തേ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. മാസങ്ങൾക്ക് മുമ്പ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യനീക്കം നിർത്തുകയായിരുന്നു. വിവാദമായതിന് പിന്നാലെ എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിന് മാലിന്യനീക്കത്തിന്റെ ചുമതല നൽകിയത്.
എന്നാൽ, നാലു ദിവസമായി ഇവർ മാലിന്യം ഏറ്റെടുക്കാതെ വന്നതോടെയാണ് മാസങ്ങൾക്ക് ശേഷം പ്രതിസന്ധി രൂക്ഷമായത്. നഗരസഭ പണം നൽകാത്ത സാഹചര്യത്തിലാണ് ഇവർ മാലിന്യ ശേഖരണം നിർത്തിയതെന്നാണ് വിവരം.ഹരിത കർമസേന അംഗങ്ങൾവഴി വീടുകളിൽനിന്ന് വേർതിരിച്ച് ശേഖരിക്കുന്ന മാലിന്യം പിന്നീട് നഗരസഭക്ക് സമീപത്തെ പ്ലാന്റിൽ എത്തിക്കും.ഇവിടെ നിന്നായിരുന്നു ഏജൻസിയുടെ വാഹനത്തിൽ സംസ്കരണത്തിനായി കൊണ്ടുപോയിരുന്നത്.
അതേസമയം, മാലിന്യ സംസ്കരണത്തിനായി ഈ സ്ഥാപനവുമായി കരാറിൽ ഏർപ്പെടുകയോ ഇതിന് ആവശ്യമായ തുക കൈമാറുകയോ ചെയ്തിരുന്നില്ല. നേരത്തേ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കുടിശ്ശിക വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മാലിന്യം ഏറ്റെടുക്കാൻ വിസമ്മതിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലായി സ്വീകരിച്ച മാലിന്യമാണ് തൃക്കാക്കരയിലെ സംസ്കരണ പ്ലാറ്റിന് സമീപത്ത് ഹരിത കർമ സേനയുടെ വാഹനങ്ങളിൽ കെട്ടിക്കിടക്കുന്നത്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യശേഖരണം ഭാഗികമായി മുടങ്ങിയിരുന്നു.
നഗരസഭ അധികൃതരും ഹരിതകർമ സേനാംഗങ്ങളും തമ്മിൽ വാക്തർക്കവും ഉടലെടുത്തിരുന്നു.അതേസമയം, മാലിന്യ സംസ്കരണം നിലച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വാദം. ആഴ്ചയിൽ നാലു ദിവസങ്ങളിൽ മാത്രമാണ് ഇവർ മാലിന്യശേഖരണത്തിനായി എത്തുന്നതെന്നും ഇതുകൊണ്ടാണ് വെള്ളി, ശനി ദിവസങ്ങളിൽ മുടക്കം വന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ ദിവസങ്ങളിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ലോറികളിലായി മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.