കൊച്ചി കോർപറേഷന്റെ മാലിന്യലോറികൾ; പൊറുതിമുട്ടി യാത്രക്കാർ
text_fieldsകാക്കനാട്: കൊച്ചി കോർപറേഷൻ മാലിന്യവണ്ടികൾമൂലം മൂക്കുപൊത്താതെ നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ നഗരവാസികൾ. ബ്രഹ്മപുരത്തെ മാലിന്യസംഭരണ കേന്ദ്രത്തിലേക്ക് പോകുന്ന മാലിന്യവണ്ടികളിൽനിന്ന് മലിനജലവും മറ്റും വീഴുന്നത് നിത്യകാഴ്ചയാണ്.
വാഹനം കടന്നുപോയി ഏറെ നേരം ദുര്ഗന്ധമായിരിക്കും. ഇത് ഒഴിവാക്കാൻ അണുനാശിനി തളിക്കണമെന്ന ആരോഗ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം കരാറുകാർ പാലിക്കുന്നില്ല. മൂടിക്കെട്ടാതെ കൊണ്ടുപോകരുതെന്ന നിബന്ധനയും ലംഘിക്കുന്നു.
അപകടം പതിവാകുന്നു; റോഡ് കഴുകി അഗ്നിരക്ഷാ സേന
ലോറികളിൽ നിന്നൊഴുകിയ മലിനജലം മൂലം കാക്കനാട്ടെ വിവിധ ഇടങ്ങളിൽ അപകടം തുടർക്കഥയാകുന്നു. വാഴക്കാല, പടമുകൾ, കുന്നുംപുറം, കലക്ടറേറ്റ് ജങ്ഷൻ, കമ്യൂണിറ്റി ഹാൾ പരിസരം, ഐ.എം.ജി ജങ്ഷൻ, കുഴിക്കാട്ടുമൂല, ഇറച്ചിറ വളവ് തുടങ്ങി വിവിധ ഭാഗങ്ങളിലെ നിരത്തിൽ വീഴുന്ന മലിനജലത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്ന അവസ്ഥയാണ്. വ്യാഴാഴ്ച രാവിലെ എട്ടിന് കെ.ബി.പി.എസിനു മുന്നിലാണ് ആദ്യ അപകടം.
റോഡിലേക്ക് ഒഴുകിയ മലിനവെള്ളത്തിൽ തെന്നി മൂന്ന് ബൈക്കുകൾ മറിഞ്ഞു. രണ്ടു ബൈക്ക് യാത്രികർക്കും കാൽനടക്കാരനും പരിക്കേറ്റു. അഗ്നിരക്ഷാ സേനയെത്തി
റോഡു കഴുകി. രാവിലെ ഒമ്പതിന് മുനിസിപ്പൽ കമ്യൂണിറ്റി ഹാളിനു മുന്നിലായിരുന്നു രണ്ടാമത്തെ അപകടം.ഒരു ബൈക്ക് മറിഞ്ഞു. ബുധനാഴ്ച കുഴിക്കാട്ടുമൂല ജങ്ഷനിൽ പത്തോളം ബൈക്കുകളാണ് മലിന ജലത്തിൽ തെന്നിവീണ് അപകടത്തിൽപെട്ടത്. അവിടത്തെ ചുമട്ടുതൊഴിലാളികൾ മലിനജലം വീണ ഭാഗങ്ങളിൽ മെറ്റൽപൊടി വിതറിയാണ് പരിഹാരം കണ്ടത്.
ഒരു മാസത്തിനിടെ നിരവധി ഭാഗങ്ങളിൽ റോഡു കഴുകേണ്ടി വന്നതായും അഗ്നിരക്ഷാ സേന പറഞ്ഞു. തൃക്കാക്കര അസി. സ്റ്റേഷൻ ഓഫിസർ കെ.എം. അബ്ദുൽ നസീറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന അംഗങ്ങളായ എസ്.ഷാബു, കെ.ടി. അജിതാബ്, എസ്.എ. നിജോ, ഇ.റഷീദ് എന്നിവർ റോഡ് കഴുകിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.