അമ്പലമുകൾ വ്യവസായ മേഖലയിൽ വാതക ചോർച്ച; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം
text_fieldsഅമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് അയ്യകുഴി നിവാസികൾക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും. വ്യാഴാഴ്ച രാത്രി എട്ടോടെ അയ്യകുഴി പ്രദേശത്ത് കട നടത്തിയിരുന്ന ബിജു കട പൂട്ടി വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ശ്വാസംമുട്ട് അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തത്.
സമരസമിതി സെക്രട്ടറിയും ഹൃദ്രോഗിയുമായ പങ്കജാക്ഷനും ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇതോടെയാണ് എച്ച്.ഒ.സി കമ്പനിയുടെ ഭാഗത്ത് നിന്ന് ശക്തമായ പുകയും തീഗോളവും ശ്രദ്ധയിൽപെട്ടത്. വൈകീട്ട് മുതൽ പലർക്കും ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്നു. ഉടൻ അറിയിച്ചങ്കിലും കമ്പനി അധികൃതർ തിരിഞ്ഞ് നോക്കാൻ പോലും തയാറായില്ലന്ന് നാട്ടുകാർ പറഞ്ഞു.
രാത്രിയിൽ വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടങ്കിലും അതിനും തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് രാത്രി വൈകി നാട്ടുകാർ കമ്പനി ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാത്രി 12ന് ഷിഫ്റ്റ് കഴിഞ്ഞ് ജോലിക്കാർക്ക് ഇറങ്ങിപ്പോകാൻ കഴിയാതായതോടെ അമ്പലമേട് പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയ ശേഷം കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ചർച്ചക്ക് തയാറാകാതെ വന്നതോടെ പൊലീസ് 108 ലേക്ക് വിളിച്ച് ആംബുലൻസ് വരുത്തിയാണ് രോഗികളെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്കും രോഗികളെ മാറ്റി. കമ്പനി അധികൃതർ ചർച്ചക്ക് തയാറാകത്തിലും പ്രാഥമിക നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ പുലർച്ചെ മൂന്ന് വരെ കമ്പനി ഗേറ്റിൽ കുത്തിയിരുന്ന് സമരം നടത്തി.
രോഗികളുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
അമ്പലമേട്: അമ്പലമുകൾ എച്ച്.ഒ.സി കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസ്സം നേരിട്ട രോഗികളുമായി പോയ ആംബുലൻസ് ഇരുമ്പനം പുതിയ റോഡിൽ വച്ച് ടോറസ് ടിപ്പറുമായി ഇടിച്ച് വാഹനത്തിലുണ്ടായ രോഗികൾക്ക് പരിക്കേറ്റു. ഇതേതുടർന്ന് മറ്റൊരു ആംബുലൻസിൽ രോഗികളെ അതിലേക്ക് മാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. ടോറസ് ടിപ്പറുമായി കൂട്ടിയിടിച്ചതോടെ ആംബുലൻസിന്റെമുൻവശം പൂർണമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.