വാക്സിൻ സർട്ടിഫിക്കറ്റൊക്കെയായി വിദേശത്തേക്കാണോ? അല്ല, തീപ്പെട്ടി വാങ്ങിക്കാനാ!
text_fieldsകൊച്ചി: 700 രൂപ കൊടുത്ത് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുമായി വന്നത് തന്നെ വാങ്ങിക്കാൻ ആണെന്നറിഞ്ഞ കറിവേപ്പില അഭിമാനത്തിൽ കണ്ണുതള്ളിയിരിക്കുന്ന കാഴ്ച 'മായാവി' സിനിമയിലെ സലിംകുമാർ കഥാപാത്രത്തിെൻറ മീമുമായി, ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കുന്ന മുത്തച്ഛനെ എഴുന്നേൽപിച്ച് വാക്സിൻ സർട്ടിഫിക്കറ്റുമായി ഒരുപാക്കറ്റ് പാൽ വാങ്ങിക്കാൻ കടയിൽ പറഞ്ഞുവിടുന്ന പേരമകൻ, കോവിഡ് പരിശോധന കേന്ദ്രത്തിലെത്തിയ ആളോട് പനിയോ തലവേദനയോ ഉണ്ടെന്ന ചോദ്യത്തിന് മറുപടി: ''ഇല്ല, വീട്ടിലേക്ക് കുറച്ച് അരി വാങ്ങാൻ പോണം'', പലചരക്കുകടയിൽ സാധനങ്ങളുടെ ലിസ്റ്റിനെക്കാൾ വലിയ ലിസ്റ്റായി ആർ.ടി പി.സി.ആർ രേഖ കണ്ട് അന്തംവിടുന്ന കടക്കാരൻ, തുടർച്ചയായി രണ്ടാം ദിവസവും വീട്ടിൽ വാക്സിൻ രേഖയുള്ള ഏകവ്യക്തിയായ മുത്തച്ഛനെ കടയിൽ സാധനം വാങ്ങാൻ പറഞ്ഞുവിടുന്ന മകൾ...ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായി അവതരിപ്പിച്ച പുതിയ നിബന്ധനകളിലെ അശാസ്ത്രീയതയെ പരിഹസിക്കുന്ന ട്രോളുകളിൽ ചിലതു മാത്രമാണിത്.
ആർ.ടി പി.സി.ആർ രേഖയോ വാക്സിൻ സർട്ടിഫിക്കറ്റോ ഒരുമാസം മുമ്പ് കോവിഡ് വന്നതാണെന്ന രേഖയോ ഉള്ളവർക്കുമാത്രമേ കടയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂവെന്ന ഉത്തരവാണ് ട്രോളൻമാർ 'എടുത്തു കുടയുന്നത്'. വീടിനു തൊട്ടപ്പുറെത്ത കടയിൽനിന്ന് തീപ്പെട്ടിയോ ഉപ്പോ വാങ്ങാൻ പോകണമെങ്കിൽപോലും ഇത്യാദി രേഖകൾ വേണമെന്ന നിബന്ധനയെ തുഗ്ലക് പരിഷ്കാരങ്ങളോടാണ് സാമ്യപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളിലേക്ക് പോവാൻപോലും ഇത്രയും റിസ്കെടുക്കേണ്ടല്ലോ എന്ന് പരിഹസിക്കുന്നവരും ഏറെ.
സംസ്ഥാനത്ത് ഭൂരിഭാഗം പേർക്കും വാക്സിൻ ഒറ്റ ഡോസുപോലും കിട്ടിയിട്ടില്ലെന്നിരിക്കേ ഒരു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ വലിയ തുക നൽകി എടുക്കുന്ന, ഫലം ലഭിക്കാൻ 24 മണിക്കൂർ വേണ്ട പി.സി.ആർ നെഗറ്റിവ് രേഖയോ ഒക്കെ വേണമെന്നുപറയുന്നതിലെ യുക്തിയാണ് പരിഹസിക്കപ്പെടുന്നത്. ഇതിനിടെ, ബാങ്കിലേക്ക് പോവട്ടെയെന്നു ചോദിക്കുന്നയാളോട് വാക്സിൻ ഒന്നാം ഡോസെടുത്തിട്ടുണ്ടോയെന്ന് ചോദിക്കുന്ന പൊലീസുകാരനും കടയിൽ പോവട്ടെയെന്ന് ചോദിക്കുന്ന ആളോട് ആർ.ടി പി.സി.ആർ നെഗറ്റിവ് രേഖയുണ്ടെങ്കിൽ പോവാമെന്ന് പറയുന്ന പൊലീസുകാരും ബിവറേജസിൽ പോവട്ടെയെന്നു ചോദിക്കുന്ന ആളോട് ലിഫ്റ്റ് വേണമോയെന്ന് തിരിച്ചുചോദിക്കുന്ന പൊലീസും ട്രോളൻമാരുടെ കണ്ണിൽപെട്ടു.
ഇത്തരം നിബന്ധനകൾ എഴുതിക്കൊടുക്കുന്ന 'വിദഗ്ധസമിതി'ക്കും ട്രോളൻമാരിൽനിന്ന് കണക്കിന് കിട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.