സ്വർണക്കടത്ത്: ഷാബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ -മുഹമ്മദ് ഷിയാസ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് പോലും പണിതതെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഷാബിനും മുൻ കൗൺസിലർ കൂടിയായ സി.പി.എം ലോക്കൽ സെക്രട്ടറിയും മുൻ എ.എക്‌സ്.ഇയും ചേർന്നാണ് തൃക്കാക്കരയിൽ പങ്കുകച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാർ ജോലികളും ഈ മൂവർ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നശേഷം ഇവരുടേതടക്കം 47 കരാർ ജോലികൾ കാൻസൽ ചെയ്തിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചത് സി.പി.എം കൗൺസിലറായിരുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഷാബിന്റെയും ഡി.വൈ.എഫ്.ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കണ്ണൂർ ജില്ലയിലെ അതേ രീതിയിലാണ് എറണാകുളത്തെയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തനം. പാർട്ടിയുടെ മറവിൽ ഇവർ നടത്തുന്ന സ്വർണ കടത്തും കുഴൽപ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനുവേണ്ടി പണമിറക്കുന്ന ഷാബിന് ലീഗുമായോ ലീഗിന്റെ ഏതെങ്കിലും ഘടകവുമായോ ബന്ധമോ ഭാരവാഹിത്വമോ ഇല്ലെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
കാക്കനാട്: വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലായ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിന് മുസ്ലിം ലീഗുമായി ഒരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി. ഷാബിന് ലീഗുമായോ പോഷക സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്നും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുമായാണ് അടുത്ത ബന്ധമെന്നും മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ എന്നിവർ കാക്കനാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.