തിരിഞ്ഞുനോക്കാതെ സർക്കാർ; നഗരത്തിൽ 'ഉറങ്ങി' ചെല്ലാനം നിവാസികൾ
text_fieldsകൊച്ചി: തീരസംരക്ഷണ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണനക്കെതിരെ നഗരത്തിൽ ഉറക്കസമരവുമായി ചെല്ലാനം നിവാസികൾ. ചെല്ലാനം, കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് എറണാകുളം ഫിഷറീസ് ഓഫിസിന് മുന്നിലേക്ക് പായയുമായി മാർച്ച് സംഘടിപ്പിച്ചത്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് ജാക്സണ് പൊള്ളയില് ഉദ്ഘാടനം ചെയ്തു. ഗുരുതര കടൽക്ഷോഭ ഭീഷണി നേരിടുന്ന ചെല്ലാനം, -കൊച്ചി തീരം സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തീരസംരക്ഷണ നടപടി സമയോചിതമായി പൂര്‍ത്തിയാക്കാതെ പുനര്‍ഗേഹം പദ്ധതിയുടെ പേരില്‍ തീരത്ത് നിന്ന് ജനങ്ങളെ കുടിയിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫാ. ഡോക്ടര്‍ ആൻറണി ടോപോള്‍ പറഞ്ഞു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ പദ്ധതിയായ പുനര്‍ഗേഹം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു.
ടൗട്ടെ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തില്‍ നിരവധി തീരസംരക്ഷണ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ തയാറായിട്ടില്ല. 344 കോടിയുടെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയതായി അടുത്തിടെ വാര്‍ത്ത വന്നു. ജൂലൈയില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണത്തിെൻറ ടെൻഡര്‍ പൂർത്തീകരിക്കുമെന്നും ആഗസ്റ്റില്‍ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ചാളക്കടവ്, കണ്ണമാലി, മാലാഖപ്പടി എന്നിവിടങ്ങളിലായി 270 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ജിയോട്യൂബ് കൊണ്ടുള്ള താല്‍ക്കാലിക കടല്‍ഭിത്തി നിർമിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാർ പ്രഖ്യാപിച്ചതാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ കടൽകയറ്റത്തെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ജിയോട്യൂബ് കൊണ്ടുള്ള താല്‍ക്കാലിക കടല്‍ഭിത്തി ഒരുക്കാന്‍ തയാറായത്.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് നിലച്ച ജിയോട്യൂബ് നിര്‍മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 2017ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ 10 ശതമാനംപോലും പണി ഇന്നേവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍ക്കാറിെൻറ വഞ്ചനാപരമായ സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ചെല്ലാനം, -കൊച്ചി ജനകീയവേദി പ്രഖ്യാപിച്ചു. ജനകീയവേദി എക്സിക്യൂട്ടിവ് അംഗം വി.ടി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജെന്സണ്, മറിയാമ്മ ജോര്‍ജ് കുരിശിങ്കല്‍, ക്ലീറ്റസ് പുന്നക്കല്‍, ബാബു പള്ളിപ്പറമ്പില്‍, ജയന് കുന്നേല്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സുജഭാരതി എന്നിവര്‍ സംസാരിച്ചു. സമരത്തിന് ജോയ് നടുവിലപ്പറമ്പില്‍, എ.എക്സ്. ആൻറണി, മെറ്റില്‍ഡ ക്ലീറ്റസ്, ഫിലോമിന ഇഗ്നേഷ്യസ്, ബേബി ജോര്‍ജ്, എലിസബത്ത്, ഗ്രേസി ആൻറണി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.