ഗ്രാമപഞ്ചായത്ത് അധ്യക്ഷർ അധികാരമേറ്റു; യു.ഡി.എഫ്-46, എൽ.ഡി.എഫ്-30, ട്വൻറി20-4
text_fieldsകൊച്ചി: ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിൽ എൺപതിടത്തും അധ്യക്ഷരും ഉപാധ്യക്ഷരും അധികാരമേറ്റു. ക്വാറം തികയാത്തതിനാൽ രണ്ട് പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി. അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന 46 പഞ്ചായത്തുകളിൽ യു.ഡി.എഫിനും 30 ഇടങ്ങളിൽ എൽ.ഡി.എഫിനും നാലിടത്ത് ട്വൻറി 20 കൂട്ടായ്മക്കുമാണ് ഭരണം.
2015ൽ എൽ.ഡി.എഫ് 42ഉം യു.ഡി.എഫ് 39ഉം ട്വൻറി 20 ഒരു പഞ്ചായത്തിലുമാണ് അധികാരം പിടിച്ചത്. ട്വൻറി20 ഇത്തവണ മൂന്ന് പഞ്ചായത്തുകൾ കൂടി കൈയടക്കി. നാല് പഞ്ചായത്തിലും ഇവർ വനിതകൾക്കാണ് അധ്യക്ഷസ്ഥാനം നൽകിയത്. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലാണ് ക്വാറം തികയാത്തതിനാൽ അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നത്.
വാഴക്കുളത്ത് യു.ഡി.എഫിന് 11ഉം എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളാണ്. യു.ഡി.എഫിന് ഭരണം ലഭിച്ച വാഴക്കുളം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്. എന്നാൽ, യു.ഡി.എഫിൽ പട്ടികജാതി അംഗമില്ല. യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ ക്വാറം തികഞ്ഞില്ല.
വെങ്ങോലയില്‍ എല്‍.ഡി.എഫ്, ട്വൻറി 20 അംഗങ്ങളും ഒരു ലീഗ് പ്രതിനിധിയും വിട്ടുനിന്നു. അട്ടിമറികളും അപ്രതീക്ഷിത മാറ്റങ്ങളും കാര്യമായി ഉണ്ടായില്ലെങ്കിലും ഇലഞ്ഞി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചത് ശ്രദ്ധിക്കപ്പെട്ടു.
കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് (ജോസഫ്) മത്സരിച്ചപ്പോൾ ഒരു സീറ്റുള്ള കേരള കോൺഗ്രസ് ജേക്കബിനൊപ്പം ഒരു സീറ്റ് വീതമുള്ള സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നീ കക്ഷികൾ നാല് സീറ്റുള്ള കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. ജോസഫ് ഗ്രൂപ് സ്ഥാനാർഥിക്ക് നാല് വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം വിട്ടുനിന്നു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സ്വതന്ത്രൻ പി.വി. കുഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായി.ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് സീറ്റ് വീതമായിരുന്നു. തുടർന്നാണ് പി.വി. കുഞ്ഞിനെ പിന്തുണച്ച് യു.ഡി.എഫ് ഭരണം പിടിച്ചത്.
പൈങ്ങോട്ടൂരിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച സിസി ജയ്സണും കോൺഗ്രസ് പിന്തുണയോടെ പ്രസിഡൻറായി. ഇവിടെ ഇരു മുന്നണികൾക്കും ആറ് സീറ്റ് വീതമായിരുന്നു.എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി സി.പി.എമ്മിലെ പ്രീത കുഞ്ഞുമോൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് 13, യു.ഡി.എഫ് എട്ട് എന്നിങ്ങനെയായിരുന്നു ഇവിടെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.