ചൂർണിക്കര പഞ്ചായത്തിൽ ഹരിതചട്ടം കർശനമാക്കി
text_fieldsചൂർണിക്കര: ഗ്രാമപ്പഞ്ചായത്തിൽ ഹരിതചട്ടം കർശനമാക്കുന്നു. 2023 ഡിസംബർ എട്ടിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിതചട്ടം കർശനമായി നടപ്പാക്കാനും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
പഞ്ചായത്ത് പരിധിയിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ആഘോഷ ചടങ്ങുകളുടെ (വിവാഹങ്ങൾ, യോഗങ്ങൾ, പൊതുപരിപാടികൾ, ഉത്സവ ആഘോഷങ്ങൾ, മതപരമായ പരിപാടികൾ) വിവരങ്ങൾ മൂന്ന് പ്രവൃത്തി ദിവസം മുൻപ് പഞ്ചായത്തിൽ രേഖ മൂലം അറിയിക്കേണ്ടതാണ്.
ഇത്തരം ചടങ്ങുകളിൽ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ് പേപ്പർ വാഴയില, പ്ലാസ്റ്റിക് കിറ്റുകൾ, ഫ്ലക്സ് ബോർഡുകൾ തുടങ്ങി നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ, ഓടകൾ എന്നിവയിലേക്കോ, തെരുവിലേക്കോ ഖര, ദ്രവ്യ, ജൈവ, അജൈവ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികേടാക്കാൻ പാടില്ല. മലിനജലം ഒഴുക്കുകയോ ഒഴുക്കാൻ അനുവദിക്കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പെടെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങൾ നിരോധിത പ്ലാസ്റ്റിക് മാലിന്യം വിൽക്കുന്നതും ശേഖരിക്കുന്നതും കുറ്റകരമാണ്. ഹോട്ടലുകൾ, കാറ്ററിങ് സർവീസുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ പോലുള്ള സ്ഥാപനങ്ങളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുണ്ടാകണം. അജൈവ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മസേനക്ക് യൂസർഫീ നൽകി കൈമാറണം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും പഞ്ചായത്ത് പരിശോധന ശക്തമാക്കി. ഇതിനായി അസി. സെക്രട്ടറി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, വി.ഇ.ഒ എന്നിവരടങ്ങുന്ന എൻഫോഴ്സ്മെൻറ് ടീമിനെ ചുമതലപ്പെടുത്തിയട്ടുണ്ട്.
എല്ലാ വീടുകളും, സ്ഥാപനങ്ങളും ഹരിത കർമ്മസേനയിൽ രജിസ്റ്റർ ചെയ്ത് യൂസർഫീ നൽകി അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യണം. 90 ദിവസത്തിലധികം വീഴ്ച വരുത്തിയാൽ പ്രതിമാസം യൂസർ ഫീയുടെ 50 ശതമാനം പിഴയോടുകൂടി ഈടാക്കും. ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഏതൊരു സേവനവും ലഭ്യമാകണമെങ്കിൽ യൂസർഫി അടച്ച കാർഡ് നിർബന്ധമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.