പൊലീസ് പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു
text_fieldsചെങ്ങമനാട്: ബംഗളൂരുവിൽനിന്ന് ആഡംബരകാറിൽ എം.ഡി.എം.എ കടത്തുകയായിരുന്ന പ്രതികൾ പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം ബാഗ് വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞു. ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വലിച്ചെറിഞ്ഞ ബാഗിൽനിന്ന് 100 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ദേശീയപാത കരിയാട് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 10.20ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആഡംബരകാർ പാഞ്ഞുവന്നത്. പൊലീസ് തടഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ അപായപ്പെടുത്തുംവിധം വാഹനം കുതിക്കുകയായിരുന്നു. പൊലീസുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഘത്തെ പിടികൂടാൻ റൂറൽ ജില്ല ഡാൻസാഫ് ടീമും ചെങ്ങമനാട് പൊലീസും പിന്നിൽ അതിവേഗം പായുകയായിരുന്നു.
നിരവധി ജീവന് ഭീഷണിയാകുമെന്ന് കണ്ട് പൊലീസാണ് പിന്നീട് പിന്തുടരാതിരുന്നത്. അപായപ്പെടുത്തുംവിധം വാഹനമോടിച്ചതിനാൽ പൊലീസ് പിന്നീട് പിന്തുടർന്നില്ല. എങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് സംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 305 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും മയക്കുമരുന്നും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.