വിജയമന്ത്രം പറഞ്ഞ് ജി.എസ്. പ്രദീപ്, വിസ്മയിപ്പിച്ച് മെന്റലിസ്റ്റ് ആദി
text_fieldsകൊച്ചി: ജീവിത വിജയത്തിനുള്ള മന്ത്രങ്ങൾ പറഞ്ഞ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപും സദസ്സിനെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി മെന്റലിസ്റ്റ് ആദിയും മാധ്യമം എജുകഫേ വേദിയെ കൂടുതൽ സമ്പന്നമാക്കി. വിജയിച്ചവന്റെ ലോകമല്ലെന്നും തോറ്റവരുടെ വിരലടയാളങ്ങളാണ് ലോകത്തെ ഉന്നതിയിൽ എത്തിച്ചതെന്നും ജി.എസ്. പ്രദീപ് പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജീവിതത്തിൽ എ പ്ലസ് നേടുന്നതിന്റെ മൂല്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഴ്ചകളിൽനിന്ന് എഴുന്നേറ്റവരാണ് വിജയം കൈവരിച്ചത്. വീഴുന്നവന് മാത്രമേ എഴുന്നേൽക്കാൻ കഴിയൂ. പരീക്ഷകളിൽ എ പ്ലസ് നേടി എന്നതല്ല ജീവിതത്തിൽ എ പ്ലസ് നേടുക എന്നതാണ് പ്രധാനം. അറിവിൽനിന്ന് നേരറിവിലേക്കുള്ള സഞ്ചാരമാണ് പരീക്ഷയിലെ എ പ്ലസിൽനിന്ന് ജീവിതത്തിലെ പ്ലസിലേക്ക് നയിക്കുന്നത്. ‘എനിക്കറിയില്ല’ എന്ന് പറയുന്നതാണ് ആദ്യത്തെ വിജയം മന്ത്രം. അറിയില്ലെന്ന് പറയാനുള്ള ധൈര്യം ഉണ്ടാകുക എന്നത് വലിയ കാര്യമാണ്. പക്ഷികളാണ് ജീവിതത്തിൽ എ പ്ലസ് നേടിയ വിഭാഗം. എത്ര തൂവലുകൾ കൊഴിഞ്ഞു പോയാലും കല്ലുകൾക്ക് എത്താൻ കഴിയാത്തത്ര ഉയരത്തിലേക്ക് അവ പറക്കുന്നു. പൊതുപരീക്ഷകളുടെ ഫലം വരുന്ന ദിവസം തങ്ങളുടെ കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി എന്ന് അഭിമാനത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്ന മാതാപിതാക്കളുണ്ട്. മറ്റു ദിവസങ്ങളിൽ തങ്ങളുടെ കുട്ടിയെ ഒന്ന് ചേർത്തു പിടിക്കാൻ പോലും കഴിയാത്തവരാണ് പലപ്പോഴും ഈ പൊങ്ങച്ച പോസ്റ്റുകൾ ഇടുന്നത്. മക്കൾക്കുവേണ്ടി സമയം മാറ്റിവെക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മനഃശാസ്ത്ര ടെക്നിക്കുകളിലൂടെ കാഴ്ചക്കാരുടെ മനസ്സ് കീഴടക്കിയ അവതരണമായിരുന്നു മെന്റലിസ്റ്റ് ആദിയുടേത്. വിദ്യാർഥികളുമായി സംവദിച്ചും അവരെ വേദിയിലെത്തിച്ചുമുള്ളതായിരുന്നു സെഷൻ. നിരീക്ഷണ പാടവവും ഓർമശക്തിയും കൊണ്ട് വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അരങ്ങേറിയത്. ഓർമ ശക്തി വർധിപ്പിക്കുന്ന മെന്റലിസം ടെക്നിക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.