ഹാൾമാർക്കിങ് പ്രശ്നം ഗുരുതരം; സീസണിൽ സ്വർണ വിൽപനക്ക് തിരിച്ചടി
text_fieldsകൊച്ചി: ഓണം, വിവാഹ സീസണിന് മുന്നോടിയായി എടുത്ത സ്വർണാഭരണ സ്റ്റോക്കിന് എച്ച്.യു.ഐ.ഡി (ഹാൾമാർക്കിങ് തിരിച്ചറിയൽ) മുദ്രപതിക്കാൻ കഴിയാതെ വ്യാപാരികൾക്ക് തിരിച്ചടി. കേരളത്തിലെ 73 ഹാൾമാർക്കിങ് സെൻററുകൾ വഴി ഒരുമാസമായി ഒരുലക്ഷത്തിൽ താഴെ ആഭരണങ്ങൾക്ക് മാത്രമാണ് എച്ച്.യു.ഐ.ഡി പതിച്ചുനൽകിയത്. അതിന് മുമ്പ് ജൂൺവരെ ഓരോ ഹാൾമാർക്കിങ് സെൻററുകളും ദിവസേന 1500 മുതൽ 2000 വരെ ആഭരണങ്ങൾക്ക് മുദ്രപതിച്ചിരുന്നു. പ്രതിമാസം 15 ലക്ഷത്തോളം ആഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്തിരുന്നതാണ് ഇപ്പോൾ ഒരുലക്ഷത്തിൽ താഴെയായി കുറഞ്ഞത്.
ജൂലൈ ഒന്നുമുതലാണ് രാജ്യത്ത് നിർബന്ധിത ഹാൾ മാർക്കിങ് നടപ്പാക്കിയത്. സ്വർണത്തിെൻറ പരിശുദ്ധി കൃത്യമാക്കുന്ന മുദ്ര, ജ്വല്ലറി, ഹാൾമാർക്കിങ് കേന്ദ്രം, ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാേൻറഡ്സ്) എന്നിവ തിരിച്ചറിയുന്ന നാല് മാർക്കുകളാണ് അതുവരെ ഓരോ ആഭരണത്തിലും രേഖപ്പെടുത്തിയിരുന്നത്. അതിനൊപ്പം യു.ഐ.ഡിയും ആഭരണങ്ങളിൽ പതിക്കണമെന്ന നിർബന്ധം മേഖലയാകെ താറുമാറാക്കിയതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോ. സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുന്നാസർ പറഞ്ഞു. പുതിയ അടയാളപ്പെടുത്തലിന് ഹാൾമാർക്കിങ്ങിെൻറ പ്രധാന ലക്ഷ്യമായ സ്വർണത്തിെൻറ പരിശുദ്ധി ഉറപ്പുവരുത്തുന്നതുമായി ഒരു പ്രസക്തിയുമില്ല.
ജൂലൈ 30ലെ കണക്ക് അനുസരിച്ച് രാജ്യത്തെ മൊത്തം ഹാൾമാർക്കിങ് സെൻററുകളുടെ എണ്ണം 933 ആയി. രജിസ്ട്രേഷൻ സ്വീകരിച്ച വ്യാപാരികളുടെ എണ്ണം 73,784 ആയി ഉയർന്നു. ജൂലൈ 29ന് മാത്രം 1467 വ്യാപാരികൾ രജിസ്ട്രേഷൻ നേടി. അതേസമയം 3,04,077 ആഭരണങ്ങളാണ് രാജ്യത്താകെ അന്നേ ദിവസം ഹാൾ മാർക്ക് ചെയ്തത്. അതായത് ഒരു വ്യാപാരിക്ക് ശരാശരി നാല് ആഭരണം മാത്രം. ഒരു ഹാൾമാർക്കിങ് സെൻറർ പതിച്ചുനൽകിയത് 326 പീസ്.
ഒരുവർഷം രാജ്യത്ത് ഏകദേശം 40 കോടി ആഭരണങ്ങളിലാണ് ഹാൾമാർക്ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ കാലതാമസം അനുസരിച്ച് നിലവിലെ സ്റ്റോക്കിന് എച്ച്.യു.ഐ.ഡി പതിക്കണമെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടിവരും. ഇത് പരിഹരിക്കാൻ കൂടുതൽ ഹാൾമാർക്കിങ് സംവിധാനം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യാപാരികൾ പറയുന്നു. അതുവരെ രണ്ടുവർഷത്തേക്ക് എങ്കിലും എച്ച്.യു.ഐ.ഡി മാറ്റിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.