കൈകഴുകൽ കേന്ദ്രങ്ങൾ കാലി; ആശ്വാസം സാനിറ്റൈസർ
text_fieldsകൊച്ചി: കോവിഡിനെ തുരത്താൻ മുക്കിലും മൂലയിലും തുടങ്ങിയ കൈകഴുകൽ കേന്ദ്രങ്ങളെല്ലാം അപ്രത്യക്ഷമായി. ആഘോഷമായി സ്ഥാപിച്ച കൈകഴുകൽ സംവിധാനങ്ങളെല്ലാം ഉപയോഗശൂന്യമാണ്. കോവിഡ് നിയന്ത്രണാതീതമായി കുതിക്കുന്ന വേളയിലും ആകെ ആശ്വാസം ജനങ്ങൾ വ്യക്തിപരമായി കൈയിൽ കരുതുന്നതും സ്ഥാപനങ്ങളിൽ സൂക്ഷിക്കുന്നതുമായ സാനിറ്റൈസർ മാത്രം.
സമ്പൂർണ ലോക്ഡൗൺ കാലഘട്ടത്തിൽ ഏറക്കുറെ നഗരങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും പൊതുനിരത്തിലുമൊക്കെ ഭരണകൂടങ്ങളും വിവിധ സംഘടനകളും കൂട്ടായ്മകളും കൈകഴുകൽ സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ, ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുകയും ജനം പഴയതുപോലെ പുറത്തേക്കിറങ്ങുകയും ചെയ്തതോടെ കൈകഴുകൽ കേന്ദ്രങ്ങൾ നാമമാത്രമായി. പലയിടത്തും ടാപ് ഇളകിമാറിയും കപ്പും ബക്കറ്റും പൊട്ടിയുമുള്ള കേന്ദ്രങ്ങൾ കാണാം.
പൊതു-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസർ സംവിധാനമാണ് നിലവിൽ വൈറസിനെ പ്രതിരോധിക്കാൻ പൊതുവിടങ്ങളിലുള്ളത്. എന്നാൽ എ.ടി.എം, ചെറിയ കടകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ സാനിറ്റൈസറും ഫലപ്രദമായി ഒരുക്കാത്ത സാഹചര്യമുണ്ട്. ചിലയിടങ്ങളിൽ ഒഴിഞ്ഞ സാനിറ്റൈസർ കുപ്പി കാണാം. ചില ഹോട്ടലുകളിൽ ഹാൻഡ്വാഷ് കുപ്പിയിൽ വെള്ളമൊഴിച്ച് നേർപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം പേടിച്ച് പലരും പോക്കറ്റ് സാനിറ്റൈസർ കൊണ്ടുനടക്കുകയാണ്.
മാസ്ക് ഉണ്ട്, ഇല്ല...
ഭൂരിഭാഗം പേരും സ്വയം പ്രതിരോധത്തിെൻറ ഭാഗമായി മാസ്ക് കൃത്യമായും സുരക്ഷിതമായും ധരിക്കുന്നവരാണെങ്കിലും അലസമായും അലക്ഷ്യമായും മാസ്കണിയുന്നവരും എണ്ണത്തിൽ ചെറുതല്ല. പലരും പൊലീസിനെ പേടിച്ചും പിഴയൊഴിവാക്കാനുമാണ് മാസ്ക് ധരിക്കുന്നത്. മൂക്കും വായും മറഞ്ഞിരിക്കണമെന്നാണ് ചട്ടമെങ്കിലും താടിക്ക് കീഴ്പോട്ട് മാസ്ക് ധരിക്കുന്നവർ ഏറെയാണ്.
ഇടക്കിടെ അഴിച്ചും ധരിച്ചും കൈകൾ കൊണ്ട് തൊട്ടും മറ്റുമെല്ലാം മാസ്കിെൻറ ശരിയായ ഉപയോഗം ഇല്ലാതാക്കുകയാണ് പലരും. ജോലിസ്ഥലങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം പൂർണമായും മാസ്ക് ധരിച്ചാണ് ഇടപഴകേണ്ടതെങ്കിലും ഒരിടത്തെത്തിക്കഴിഞ്ഞാൽ പലരും മാസ്ക് മുഖത്തുനിന്ന് മാറ്റും.
കോവിഡിെൻറ തുടക്കത്തിൽ കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്ന പലരും കോവിഡ് കണക്കുകൾ കൈവിട്ട പുതിയ സാഹചര്യത്തിൽ തലതിരിഞ്ഞ മട്ടാണ്. എത്ര ബോധവത്കരിച്ചാലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ നടക്കുന്നവർ മറ്റുള്ളവർക്കുകൂടി അപകടം സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.