സ്ഥാനാർഥി വരുന്നുണ്ട്, കുട്ടികളെ മാറ്റിക്കോ...
text_fieldsകൊച്ചി: വോട്ട് ചോദിച്ച് വീടുകയറുന്നവർ കുട്ടികളെ കണ്ടാൽ എടുത്ത് അടുപ്പം കാട്ടേണ്ടേന്ന് ആരോഗ്യ വകുപ്പ്.
ആർക്കും ഷേക്ഹാൻഡും നല്‍കരുത്. വയോജനങ്ങള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്ഥാനാർഥികള്‍ സ്വീകരിക്കേണ്ട മുൻകരുതലായാണ് ഇക്കാര്യം വിവരിക്കുന്നത്. ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാല്‍ ഉടന്‍തന്നെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
സ്ഥാനാർഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ മാത്രമേ വീടുകളിൽ പോകാൻ പാടുള്ളൂ. വീടിനകത്തേക്ക് പ്രവേശിക്കരുത്.
വീട്ടിലുള്ളവരും സ്ഥാനാർഥിയും ടീം അംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടി മാസ്ക് ധരിക്കണം. സാനിറ്റൈസര്‍ കൈയില്‍കരുതി ഇടക്കിടക്ക് ഉപയോഗിക്കണം.
സ്ഥാനാർഥി പോസിറ്റിവായാൽ
ഏതെങ്കിലും സ്ഥാനാർഥി കോവിഡ് പോസിറ്റിവാകുകയോ ക്വാറൻറീനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ പ്രചാരണരംഗത്തുനിന്ന് മാറിനിൽക്കണം.
പരിശോധനഫലം നെഗറ്റിവായ ശേഷം ആരോഗ്യവകുപ്പിെൻറ നിർദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ.
കോവിഡ് പോസിറ്റിവായവരുടെയോ ക്വാറൻറീനിലുള്ളവരുടെയോ വീടുകളില്‍ സ്ഥാനാർഥി നേരിട്ടുപോകാതെ ഫോണ്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ വോട്ടഭ്യർഥിക്കുന്നതാണ് ഉചിതം. പ്രചാരണ ശേഷം സ്വന്തം വീടുകളില്‍ എത്തിയാലുടന്‍ സ്ഥാനാർഥിയും ടീം അംഗങ്ങളും ധരിച്ച വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ച്, സോപ്പുപയോഗിച്ച് കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.