തോരാമഴയിൽ കെടുതികളേറെ
text_fieldsഅങ്കമാലി: മഴ തോരാതെ പെയ്തതോടെ ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ചാലക്കുടിപ്പുഴയിലും അങ്കമാലി-മാഞ്ഞാലിത്തോട്ടിലും ജലനിരപ്പ് ഉയർന്നു. മഴ ഇനിയും ശക്തിപ്രാപിച്ചാൽ കുന്നുകര, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളും ദുരിതത്തിലാകും. മേഖലയിലെ ഹെക്ടർ കണക്കിന് കൃഷികൾ ഇതിനകം വെള്ളംകയറി നശിച്ചു. പെരിയാറിന്റെ കൈവഴികളിലും അനുബന്ധ തോടുകളിലും ജലനിരപ്പ് ഉയർന്നു. ചെങ്ങമനാട് പഞ്ചായത്തിലെ ദേശം പുറയാർ വിരുത്തി കോളനിയും മഴക്കെടുതിയിലാണ്. കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും കിഴക്കുവശത്തെ ചതുപ്പ് നിലത്തിൽ മതിലിനോട് ചേർന്ന് വെള്ളം നിറഞ്ഞിരിക്കുകയാണ്. ചെങ്ങൽതോട് കവിഞ്ഞതോടെ നെടുമ്പാശ്ശേരി, കാഞ്ഞൂർ, ചെങ്ങമനാട് പഞ്ചായത്തുകളിലെ ഇടത്തോടുകൾവഴി വെള്ളം ഒഴുകുകയാണ്. ചെങ്ങമനാട് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളുമായി ബന്ധപ്പെട്ട ചെങ്ങമനാട്-കോട്ടായി റോഡിൽ പാനായിത്തോട് പാലത്തിന്റെ തെക്കുവശത്തെ അപ്രോച്ച് റോഡിൽ വെള്ളം കയറി. ചെങ്ങൽതോടിന്റെ കൈവഴിയാണ് പാനായിത്തോട്. പാനായിത്തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പനയക്കടവ് വഴി പുതുവാശ്ശേരിയിലേക്കുള്ള ഗതാഗതം നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.