കനത്ത മഴ; മലയോര മേഖലകളിൽ കെടുതികൾ രൂക്ഷം
text_fieldsകാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ മലയോര മേഖലകളിൽ കെടുതികൾ രൂക്ഷമാകുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി പലയിടങ്ങളിലും വീടുകൾക്ക് കേടുപാടുണ്ടായി. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ചിലയിടങ്ങളിൽ മരച്ചില്ലകൾ വീണ് വൈദ്യുതി വിതരണം തകരാറിലായി.കലാവർഷക്കെടുതികൾ നേരിടാൻ അഗ്നിരക്ഷാസേന മുന്നൊരുക്കം ആരംഭിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പെരുമ്പാവൂരിൽ അഗ്നിരക്ഷാസേന ഒക്കൽ തുരുത്ത്, കോടനാട്, തോട്ടുവ, ക്രാരിയേലി, പാണിയേലി, ചേലാമറ്റം ക്ഷേത്ര പരിസര കടവ്, കോടനാട് കോലക്കാട്ട് കടവ് പാണിയേലി ഇരുമലകടവ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷ്, അസി. സ്റ്റേഷൻ ഓഫിസർ പി.എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ സുരക്ഷ ബോർഡ് സ്ഥാപിച്ചു.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് അടിയന്തര സാഹചര്യം നേരിടാൻ പട്ടിമറ്റം അഗ്നിരക്ഷാനിലയം ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ മുന്നൊരുക്കം നടത്തി. 34 അംഗ സേനാംഗങ്ങൾ മഴക്കെടുതി നേരിടാനുള്ള തയാറെടുപ്പുകളിൽ പങ്കാളികളായി. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂത്താട്ടുകുളത്ത് കാറ്റത്ത് പഞ്ഞിമരം കടപുഴകി തിരുമാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഒലിയപ്പുറം വാലാശ്ശേരിൽ പത്രോസിന്റെ വീട് ഭാഗികമായി തകർന്നു. വീടിനോട് ചേർന്നുനിന്ന കൂറ്റൻ പഞ്ഞിമരമാണ് കടപുഴകിയത്. തായ്ത്തടി വീടിനു സമീപവും ശിഖരങ്ങൾ വീടിനു മുകളിലും വീണാണ് വീടിന് കേടുപാടുണ്ടായത്.
ഇലഞ്ഞി ടൗണിനു സമീപം റോഡിലേക്ക് തേക്ക് കടപുഴകി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ കടപുഴകിയത്. ഈ സമയം വാഹനങ്ങളോ ആൾസഞ്ചാരമോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. 45 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയിൽ എം.സി റോഡിൽ മറ്റൂർ സി.എച്ച്.സിക്ക് മുന്നിൽ നിന്ന വാകമരം റോഡിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേയും കെ.എസ്.ഇ.ബിയും പരിസരവാസികളും ചേർന്ന് മരം വെട്ടിമാറ്റി.
ശക്തമായ കാറ്റിലും മഴയിലും പിറവം കക്കാട്ടിൽ വൻ പുളിമരം കടപുഴകി വീട് തകർന്നു. നഗരസഭ മൂന്നാം ഡിവിഷനിൽ കക്കാട് വാലേപ്പടി-ഇലഞ്ഞിമറ്റം റോഡിൽ തെക്കേകരയിൽ അജീഷിന്റെ വീടിനു മുകളിലേക്കാണ് പുളിമരം കടപുഴകിയത്. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം. വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ ഓടി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. അജീഷും മാതാവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം അയൽവീട്ടിൽ അഭയം പ്രാപിച്ചിരിക്കയാണ്.
പഴങ്ങനാട്ട് വീടിനു മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. കാനാമ്പുറം തങ്കയുടെ വീടിന് മുകളിലേക്കാണ് വലിയ പഞ്ഞിമരം കടപുഴകിയത്. വീടിന്റെ ഒരുവശം പൂർണമായും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് 5.45നാണ് സംഭവം. ഇവർ ഒറ്റക്ക് താമസിക്കുന്ന വീടിന് മുകളിലേക്കാണ് മരം മറിഞ്ഞത്.സംഭവത്തിന്റെ ആഘാതത്തിൽ ഭയന്ന തങ്കയെ നാട്ടുകാരാണ് വീടിന് പുറത്തിറക്കിയത്. ഏതാനും ദിവസം മുമ്പാണ് സർക്കാർ ധനസഹായത്തോടെ വീടിന്റെ നവീകരണം പൂർത്തീകരിച്ചത്.
സത്രംകുന്ന് മലയുടെ ഭാഗം ഇടിഞ്ഞുവീണു
മൂവാറ്റുപുഴ: കനത്ത മഴയിൽ സത്രംകുന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് കോടതി വളപ്പിൽ പാർക്ക് ചെയ്ത കാറിനുമുകളിൽ വീണു. സത്രംകുന്നിൽ സ്ഥിതി ചെയ്യുന്ന ഗവ. ടി.ടി.സിയുടെ വക സ്ഥലത്തുനിന്നാണ് മണ്ണിടിഞ്ഞ് കോടതി സമുച്ചയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലേക്ക് വീണത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. വലിയ മൺതിട്ടയിൽനിന്ന് വലിയ കല്ലുകൾ ഉൾപ്പെടെയുള്ളവ കാറിന് മുകളിൽ മുൻ ഭാഗത്തായി പതിക്കുകയായിരുന്നു. കാറിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നത് അപകടം ഒഴിവായി. മണ്ണ് ഇടിഞ്ഞുവീണതിനെത്തുടർന്ന് കാറിന്റെ മുൻഭാഗത്തെ ഒരു വശം പൂർണമായും തകർന്നു. കൂടുതൽ മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുകയാണ്.
തഹസിൽദാർ കെ.എസ്. സതീശന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതരും അഗ്നിരക്ഷാസേന അംഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ കോടതിയുടെ പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനം തടഞ്ഞു. കോലഞ്ചേരി പൂതൃക്ക സ്വദേശി ബിജു കെ. ജോർജിെൻറ വാഹനത്തിന് മുകളിലാണ് മണ്ണ് ഇടിഞ്ഞു വീണത്. കഴിഞ്ഞ വർഷങ്ങളിലും ഇതിന് സമീപത്ത് സത്രം മല ഇടിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് കനത്ത മഴയെത്തുടർന്നാണ് മലയിടിച്ചിൽ ഉണ്ടായത്. മലയുടെ വീണ്ടുനിന്ന ഭാഗമാണ് തിരക്കേറിയ കച്ചേരിത്താഴം - കാവുംപടി റോഡിലേക്ക് തകർന്നു വീണത്.
നഗരത്തിലെ മൂന്ന് പ്രധാന കുന്നുകളിൽ ഒന്നാണ് സത്രംകുന്ന്. കുന്നിന്റെ ഒരു ഭാഗത്ത് വിജിലൻസ് കോടതി, മറുഭാഗത്ത് ഗവൺമെന്റ് ടി.ടി.സി സെന്റർ, എൽ.പി സ്കൂൾ, ഡി.ഇ.ഒ ഓഫിസ് എന്നിവയാണ് സ്ഥിതി ചെയ്യുന്നത്. കുറെ ഭാഗം റവന്യൂ വകുപ്പിന്റെ അധീനതയിലുമാണ്. കുന്നിന്റെ താഴ്ഭാഗത്ത് കൂടി കടന്നുപോകുന്ന കച്ചേരിത്താഴം - കാവുംപടി റോഡിന്റെ ഓരത്ത് മല കുതിർന്ന് ഇടിയാവുന്ന അവസ്ഥയിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.