നിലക്കാതെ മഴ; നാടാകെ കെടുതി
text_fieldsകൊച്ചി: തിങ്കളാഴ്ച തുടർച്ചയായുണ്ടായ കനത്ത മഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മലയോര മേഖലയിലും കടലോര മേഖലയിലും മഴക്കെടുതി രൂക്ഷമായിരുന്നു. ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ മരം വീണ് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞതും വീടുകളിൽ വെള്ളം കയറിയതുമെല്ലാം വലിയ ദുരിതം സൃഷ്ടിച്ചു.
മൂവാറ്റുപുഴ, കൂത്താട്ടുകുളം തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകൾ തകർന്നത്. ചുഴലിക്കാറ്റ് നാശംവിതച്ച ചെങ്ങമനാട് നെടുവന്നൂരിൽ വീണ്ടും കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി. കാക്കനാട് ചെമ്പുമുക്കിൽ സെന്റ് മൈക്കിള്സ് പള്ളിക്ക് സമീപത്തുള്ള അട്ടിപ്പേറ്റി നഗർ റോഡ് കനത്ത മഴയിൽ ഇടിഞ്ഞു. അടുത്തിടെ നവീകരിച്ച റോഡും സമീപത്തെ ഇടപ്പള്ളി തോടിന്റെ സംരക്ഷണ ഭിത്തിയുമാണ് ഇടിഞ്ഞത്.
അവധി തുണച്ചു
കൊച്ചി: ജില്ലയിൽ കനത്ത മഴ മുന്നിൽക്കണ്ട് തിങ്കളാഴ്ച അവധി നൽകിയത് വിദ്യാർഥികൾക്ക് തുണയായി. സ്കൂളിലേക്കുള്ള വരവുംപോക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാവുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച രാത്രിതന്നെ കലക്ടർ അവധി പ്രഖ്യാപിച്ചത്.
കൂടുതൽ മഴ കളമശ്ശേരിയിൽ
കൊച്ചി: തിങ്കളാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതായി രേഖപ്പെടുത്തിയത് കളമശ്ശേരിയിൽ. 56.5 മി.മീ. മഴയാണ് ലഭിച്ചത്. ഇടമലയാർ ഡാം പ്രദേശത്ത് 51.5 മി.മീ. മഴ രേഖപ്പെടുത്തി. ചൂണ്ടിയിലാണ് മൂന്നാമത് കൂടുതൽ മഴ ലഭിച്ചിട്ടുള്ളത് -39.5 മി.മീ. നീലേശ്വരം -34, പള്ളുരുത്തി -30.2, ആലുവ -24, നേര്യമംഗലം -22.5, കൂത്താട്ടുകുളം -16.5, ഓടക്കാലി -16 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴലഭ്യത.
മൂവാറ്റുപുഴയിൽ വീടുകൾ തകർന്നു
മൂവാറ്റുപുഴ: കനത്ത മഴയിൽ നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് ഉയർന്നു. പേട്ട റോഡിൽ സ്ഥിതിചെയ്യുന്ന പേട്ട അംഗൻവാടിയിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും കല്ലൂർക്കാട് പത്തകുത്തിയിൽ മരംവീണ് ആറ് വീടുകൾ തകർന്നു. ഒരു വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു. പത്തകുത്തിപീടിയേക്കൽ ബേബിയുടെ വീടിനു മുകളിലാണ് മരംവീണ് വീട് തകർന്നത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. തേക്ക്, പ്ലാവ്, മാവ് അടക്കം നിരവധി മരങ്ങൾ കാറ്റിൽ നിലംപൊത്തി.
പറവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
പറവൂർ: കനത്ത മഴ തുടർന്നതോടെ തീരദേശ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് റോഡുകളിലും വീടുകളുടെ മുറ്റങ്ങളിലും വെള്ളം നിറഞ്ഞത്. ഇതിനുപുറമെ ദേശീയ പാതയുടെ നിർമാണവുമായി ഉണ്ടാക്കിയ താൽക്കാലിക റോഡുകൾ ചളിക്കുണ്ടായി മാറി. പലയിടത്തും ചളിവെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ തിങ്കളാഴ്ച ഉച്ചക്കുശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. പട്ടണം വടക്ക് കണ്ണാട്ടുപാടത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ വീടാണ് ശക്തമായ കാറ്റിൽ മരം വീണതിനെത്തുടർന്ന് ഭാഗികമായി തകർന്നത്. ആർക്കും പരിക്കില്ല.
തിരുവാണിയൂരിൽ രണ്ടുവീട് തകർന്നു
കോലഞ്ചേരി: തിങ്കളാഴ്ച ഉച്ചയോടെ വീശിയ കാറ്റിൽ തിരുവാണിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നാശനഷ്ടം. കാറ്റിലും മഴയിലും മരം വീണ് രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. തിരുവാണിയൂർ മുക്കാടത്ത് ഉണ്ണികൃഷ്ണന്റെ വീടിനു മുകളിൽ പറമ്പിലെ ആഞ്ഞിലി വീണ് നാശം സംഭവിച്ചു. മുക്കാടത്ത് സിന്ധുവിന്റെ വീടിനു മുകളിലേക്കും മരം വീണ് വീട് ഭാഗികമായി തകർന്നു. ഇതോടൊപ്പം പ്രദേശത്ത് റബർ ഉൾപ്പെടെയുള്ള മരങ്ങളും കടപുഴകിയിട്ടുണ്ട്. മരം വീണ് വൈദ്യുതി തടസ്സവുമുണ്ടായി.
മരം കാറിനുമുകളിൽ വീണു
മട്ടാഞ്ചേരി: ശക്തമായ കാറ്റിൽ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന രണ്ട് കാറിന് മുകളിലേക്ക് വീണു. തോപ്പുംപടി ബി.ഒ.ടി പാലത്തിന് മറുകരയിൽ വില്ലിങ്ടൺ ഐലൻഡിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം. റോഡരികിൽനിന്ന വലിയ വൃക്ഷമാണ് വീണത്. കാറുകൾക്ക് മുകളിലേക്കാണ് മരത്തിന്റെ ശിഖരങ്ങൾ വീണതെങ്കിലും ചെറിയ തോതിലുള്ള കേടുപാട് മാത്രമേ സംഭവിച്ചുള്ളൂ. മണിക്കൂറുകളോളം മേഖലയിൽ ഗതാഗത തടസ്സമുണ്ടായി.
മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും മുങ്ങി
കോതമംഗലം: ശക്തമായ മഴയെത്തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടു. ഞായറാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്നാണ് മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായത്. ഒഴുക്ക് ശക്തമാണെങ്കിലും ബദൽ സംവിധാനമായി വഞ്ചിയിറക്കി ആളുകളെ അക്കരെയിക്കരെ കടത്താനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തും നാശനഷ്ടങ്ങളേറെ
കൂത്താട്ടുകുളം: തിങ്കളാഴ്ച ഉച്ചയോടെ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപകനാശം. ഇടയാർ-പിറവം റോഡിൽ കണിപ്പടി റേഷൻകടക്ക് മുൻവശം മരം വീണ് ശിഖരം വൈദ്യുതി ലൈനിൽ വീണ് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. തിരുമാറാടി നാവോളിമറ്റം പനച്ചിതടത്തിൽ വിധവയായ ഭവാനി ആനന്ദന്റെ വീടിനു മുകളിൽ റബർ മരം വീണ് വീട് തകർന്നു. ഇലഞ്ഞി വില്ലേജിൽ പെരുമ്പടവം കുന്നുമ്മൽ ബിനുവിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി വീട് തകർന്നു. പ്രദേശത്താകെ നിരവധി മരങ്ങൾ കടപുഴകി.
പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു
അങ്കമാലി: തോരാതെ പെയ്ത കനത്ത മഴയെത്തുടർന്ന് പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. ഇരുപുഴയും കരകവിഞ്ഞൊഴുകുകയാണ്. മഴ ശക്തിപ്രാപിച്ചാൽ തീരങ്ങൾ വെള്ളത്തിലാകും. പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. മാഞ്ഞാലിത്തോട്, ആലുവത്തോട്, ചെങ്ങൽത്തോട് എന്നിവയുമായി ബന്ധപ്പെട്ട കൈവഴികളിലെ താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.