കനത്ത മഴ; നെൽകൃഷി വെള്ളം കയറി നശിക്കുന്നു
text_fieldsചെങ്ങമനാട്: പഞ്ചായത്ത് ഒന്നാം വാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിൽ ആരംഭിച്ച നെൽകൃഷി തുടർച്ചയായി കനത്ത മഴ പെയ്തതോടെ വെള്ളം കയറി നശിക്കുന്നു. കഴിഞ്ഞ വർഷം നെൽകൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ കൃഷി ചെയ്തില്ല.
ഇത്തവണ വളരെ പ്രതീക്ഷയോടെ രണ്ടേകാൽ ഏക്കറോളം ഭാഗത്ത് തുടങ്ങാൻ ആരംഭിച്ച നെൽകൃഷിയാണ് തുടക്കത്തിൽ തന്നെ കർഷകർക്ക് വിനയായി മാറിയത്. 25000 രൂപയോളം ചെലവിലാണ് വയൽ ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കി ഞാറ് നടീലിന് പാകപ്പെടുത്തിയത്. ചെങ്ങമനാട് പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും കീഴിൽ ചെങ്ങമനാട് സർവിസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കാലങ്ങളായി കൃഷി ചെയ്തുവരുന്നത്. ചെങ്ങമനാട് കൃഷി ഭവന്റെ ഇടപെടൽ മൂലം തേറാട്ടിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ വൈദ്യുതി ചാർജ് സൗജന്യമാക്കി നൽകിയിട്ടുമുണ്ട്.
പരമ്പരാഗത കർഷകരുടെ പച്ചപുതച്ച വിളഭൂമിയായിരുന്ന തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കർഷകർ അധികവും കൊഴിഞ്ഞ് പോയെങ്കിലും കൃഷിയെ നെഞ്ചേറ്റുന്ന ഏതാനും കർഷകരാണ് ഏറെ ക്ലേശം സഹിച്ച് ഇവിടെ നെൽകൃഷി നിലനിർത്തുന്നത്.
ഏതാനും ആഴ്ചകളായി നെൽവയൽ ഞാറ് നടീലിന് പാകപ്പെടുത്തിയ കർഷകർ മഴ ശക്തി പ്രാപിച്ചതോടെ വിഷമത്തിലായിരിക്കുകയാണ്. മൂന്ന് ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയാണ് നെൽകൃഷിയെ സാരമായി ബാധിച്ചത്. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിച്ചാൽ ഇത്തവണത്തെ നെൽകൃഷിയും മുടങ്ങുമെന്ന ആശങ്കയിലുമാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.