കനത്ത മഴ: മതിലിടിഞ്ഞ് വീട്ടിലേക്ക് വീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകോലഞ്ചേരി: പട്ടിമറ്റം പി.പി റോഡിൽ കോട്ടമല എസ്റ്റേറ്റിന്റെ അനധികൃതമായി നികത്തിയെടുത്ത ഭാഗത്തെ 30 അടി പൊക്കമുള്ള കോൺക്രീറ്റ് മതിൽ ബുധനാഴ്ച വൈകീട്ട് ആറുമുതൽ പെയ്ത കനത്ത മഴയിൽ ഇടിഞ്ഞുവീണു. എമ്പ്രാമഠത്തിൽ കൃഷ്ണകുമാറിന്റെ വീടാണ് ഭാഗികമായി തകർന്നത്. മതിൽ ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.
പി.പി റോഡിൽനിന്ന് പഴന്തോട്ടം കനാൽബണ്ട് റോഡിലേക്ക് പോകുന്ന വഴിയിലെ 450 മീറ്ററോളം വരുന്ന മതിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വഴിയുടെ രണ്ട് ഭാഗവും പൊലീസും പട്ടിമറ്റം അഗ്നിരക്ഷാസേനയും ചേർന്ന് അടച്ചു. പൊലീസ് പിക്കറ്റിങ്ങും ഏർപ്പെടുത്തി. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മതിൽ. 32 ഏക്കർ വരുന്ന എസ്റ്റേറ്റാണിത്.
ഇവിടത്തെ ഒരേക്കർ വരുന്ന ഭാഗത്ത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മണ്ണ് മാഫിയ നികത്തിയെടുത്ത ഭൂമിയുടെ പിന്നിലുള്ള മതിലാണ് 200 മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞത്. സമീപത്ത് 30ലധികം വീടുകളാണുള്ളത്. മഴ ശക്തമായാൽ നികത്തിയെടുത്ത സ്ഥലത്തുനിന്ന് മണ്ണൊലിച്ച് സമീപത്തെ വീടുകളിലേക്കെത്തും. ഇത് വൻ ദുരന്തത്തിനിടയാക്കും. എസ്റ്റേറ്റിലെ ഉയർന്ന ഭാഗത്തുനിന്ന് മണ്ണെടുത്ത് താഴ്ന്ന ഭാഗത്ത് നികത്തിയെടുത്തതാണ് അപകടത്തിന് കാരണം.
തട്ടുതട്ടായി തിരിച്ച് നികത്തേണ്ട ഭൂമിയിൽ 30 അടിയോളം പൊക്കത്തിൽ മണ്ണ് നിറച്ച് ഇടക്ക് തൂണുകൾ സ്ഥാപിക്കാതെ കോൺക്രീറ്റ് മതിൽ ഉണ്ടാക്കുകയായിരുന്നു. പണി നടന്ന സമയത്ത് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും പരാതിക്കാരെ ഭീഷണിപ്പെടുത്തി മതിൽ നിർമാണം പൂർത്തിയാക്കി.
ഇതാണ് ബുധനാഴ്ച നടന്ന അപകടത്തിനിടയാക്കിയത്. മതിൽ പൊളിഞ്ഞ ഭാഗത്തുനിന്ന് മണ്ണ് ഒലിച്ചിറങ്ങുന്ന സ്ഥിതിയിൽ കൂടുതൽ വീട്ടുകാരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പൊലീസും അഗ്നിരക്ഷാസേനയും പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർ എത്തിയശേഷം തീരുമാനത്തിനായി കാത്തിരിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.