വേലിയേറ്റം ശക്തം: വീടുകളിൽ വെള്ളം കയറി; തീരവാസികൾ ദുരിതത്തിൽ
text_fieldsപള്ളുരുത്തി: നാല് ദിവസമായി കായൽ തീരത്ത് വേലിയേറ്റം തുടരുന്നതിനാൽ തീരവാസികൾ ദുരിതത്തിലായി. തീരത്തോട് ചേർന്ന വീടുകളിൽ വേലിയേറ്റ വേളകളിൽ വെള്ളം കയറുകയാണ്. ഇടക്കൊച്ചി, കുമ്പളങ്ങി, മുണ്ടംവേലി, പെരുമ്പടപ്പ്, കോവളം, ശംഖുതറ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇത്രയേറെ ശക്തമായ വേലിയേറ്റം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കായലിൽ എക്കൽ അടിഞ്ഞതാണ് വേലിയേറ്റ വേളകളിൽ കരയിലേക്ക് വെള്ളം കയറാൻ ഇടയാക്കുന്നത്. റോഡുകളിലും വീടുകളിലും വെള്ളം കയറിയതോടെ തീരവാസികൾ ദുരിതത്തിലാണ്. കായലിലെ എക്കൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീരവാസികൾ നിരവധി സമരംവരെ നടത്തിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഫണ്ടുകൾ പാസായിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും കാത്തിരിപ്പ് നീളുകയാണ്. കായലിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും ദുരിതത്തിലാണ്. ഉപ്പുവെള്ളം കയറുന്നത് മൂലം വീടുകളും നശിക്കുകയാണ്. ഇഷ്ടികകൾ ദ്രവിച്ച് പൊടിഞ്ഞുവീഴുന്നു. വീടുകളിലെ ചെടികളും കരിഞ്ഞ് ഉണങ്ങുകയാണ്. സൈക്കിളുകളും ഇരുചക്രവാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണെന്നും ദുരിതത്തിൽനിന്ന് തങ്ങളെ കരകയറ്റാൻ നടപടി ഉണ്ടാകണമെന്നും തീരവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.