ഇവിടെയുണ്ട്, കലാമിന് നിത്യപുഷ്പാർച്ചനയുമായി ഒരാൾ
text_fieldsസ്വന്തം ലേഖിക
കൊച്ചി: എറണാകുളം മറൈൻ ഡ്രൈവ് വാക്വേയിലെ കലാം മാർഗിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുൽ കലാമിെൻറ ഒരു പ്രതിമയുണ്ട്, ആ പ്രതിമയിൽ എന്നും വിവിധ നിറത്തിലും തരത്തിലുമുള്ള പൂക്കൾകൊണ്ട് അർച്ചന ചെയ്ത് ആ പ്രതിഭാധനനെ അനശ്വരനാക്കുന്ന ഒരുമനുഷ്യനും അവിടെയുണ്ട്. അബ്ദുൽ കലാമിനെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ജി. ശിവദാസനാണത്.
എന്നും രാവിലെ 6.30യോടെ തൊട്ടടുെത്ത മഴവിൽ പാലത്തിനരികെ പൂത്തുനിൽക്കുന്ന വാകപ്പൂക്കളും പലയിടത്തുനിന്നും ശേഖരിച്ച ചെമ്പരത്തി, തെച്ചി തുടങ്ങിയ പൂക്കളുമെല്ലാം എടുത്ത് പ്രതിമക്കുചുറ്റും അലങ്കരിച്ചുകൊണ്ടാണ് ഈ 66കാരെൻറ ദിവസം തുടങ്ങുന്നത്. കൊച്ചിൻ ഷിപ്യാർഡ് സ്ഥാപിച്ച ഈ അർധകായ പ്രതിമ വൃത്തിയാക്കലും പരിപാലിക്കലുമെല്ലാം ശിവദാസൻ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ചുറ്റും ചെടികൾ വെച്ചുപിടിപ്പിച്ചതും ഇദ്ദേഹംതന്നെ.
കലാമിനെ രണ്ടുതവണ നേരിട്ടുകാണാൻ സാധിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് അദ്ദേഹത്തോടുള്ള ആദരം വർധിച്ചതെന്നും ശിവദാസൻ പറയുന്നു. കൊല്ലം ആശ്രാമം മൈതാനത്തും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും വെച്ചായിരുന്നു ഇത്.
കലാമിെൻറ ഓരോ വാക്കും ശിവദാസെൻറ ഹൃദയത്തിലേക്കാണ് പൊഴിഞ്ഞുവീണത്. കലാമിെൻറ ജന്മ-ചരമദിനങ്ങളിൽ പ്രതിമക്കുമേൽ പൂമാലയും ചാർത്താറുണ്ട്. മരപ്പണിക്കാരനായ ശിവദാസൻ 2015ലാണ് കൊച്ചിയിലെത്തിയത്. ഒരുവീട്ടിൽ ജോലിക്കാരനായി നിൽക്കുന്നതിനിടെ പുരപ്പുറത്തുനിന്ന് വീണ് സാരമായി പരിക്കേറ്റു.
പിന്നീട് ഭാരിച്ച ജോലിക്കൊന്നും പോവാനായില്ല ഇദ്ദേഹത്തിന്. നാട്ടിൽ പോയി നിന്നെങ്കിലും വീണ്ടും കൊച്ചി തന്നെ വിളിക്കുകയായിരുെന്നന്ന് ശിവദാസൻ പറയുന്നു. പ്രതിമയുടെ എതിർവശത്ത് ഒരു ചാരുെബഞ്ചിൽ കിടന്നാണ് അന്തിയുറക്കം. തണൽ എന്ന കൂട്ടായ്മ നൽകുന്ന ഭക്ഷണമാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്, ഒപ്പം വാക്വേയിലൂടെ നടക്കുന്ന ചിലർ നൽകുന്ന ചെറിയ ചെറിയ തുകകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.