അതിവേഗ റെയിൽ: എറണാകുളം ജില്ല പ്രക്ഷോഭത്തിലേക്ക്, 298 ഏക്കറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിെൻറ അതിവേഗ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് നീക്കങ്ങൾ മുറുകവെ ജില്ല പ്രക്ഷോഭത്തിലേക്ക്. നിർദിഷ്ട പദ്ധതിയുടെ കോട്ടയം ജില്ല അതിർത്തി മുതൽ തൃശൂർ അതിർത്തി വരെ കുടിയൊഴിപ്പിക്കൽ നേരിടുന്നവർ സമരസമിതി രൂപവത്കരിച്ചു. ജില്ലയിൽ 298 ഏക്കറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറങ്ങിയത്. സ്ഥലമേറ്റെടുക്കാൻ സ്പെഷൽ തഹസിൽദാരെ നിയമിച്ചുകഴിഞ്ഞു. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഈ മാസം 27ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിന് മുന്നോടിയായാണ് ധർണ.
കളമ്പൂർ, കോട്ടപ്പുറം, പാഴൂർ, മണീട്, വെട്ടിക്കൽ, തിരുവാണിയൂർ, തിരുവാങ്കുളം മാമല, പഴങ്ങനാട്, പുക്കാട്ടുപടി, കുട്ടമശ്ശേരി കീഴ്മാട്, നെടുവന്നൂർ, എളവൂർ, പീച്ചിനിക്കാട്, പുളിയനം എന്നിവിടങ്ങളിലൂടെയാണ് ജില്ലയിൽ സിൽവർ ലൈൻ കടന്നുപോകുന്നതെന്നാണ് നിലവിലെ അലൈൻമെൻറ് വ്യക്തമാക്കുന്നത്. അലൈൻമെൻറ് ഇനിയും മാറുമെന്ന് പ്രചാരണമുണ്ട്. നിലവിലെ അലൈൻമെൻറിൽനിന്ന് 15 മുതൽ 30 മീറ്റർ വരെ വ്യത്യാസം വരാമെന്ന് കെ. റെയിൽ അധികൃതർ തന്നെ അറിയിക്കുന്നു.
ചെങ്ങന്നൂർ-എറണാകുളം, എറണാകുളം-തൃശൂർ എന്നിങ്ങനെ രണ്ടു മേഖലകളിലായാണ് ജില്ലയിലെ സ്ഥലങ്ങൾ ഉൾപ്പെടുന്നത്. ചെങ്ങന്നൂർ-എറണാകുളം മേഖലയിൽ പദ്ധതിക്ക് 158.83 ഏക്കറാണ് ഏറ്റെടുക്കുന്നത്. എറണാകുളം-തൃശൂർ മേഖലയിൽ 139.46 ഏക്കറും ഏറ്റെടുക്കും. സമരസമിതിയുടെ മേഖല കമ്മിറ്റികൾ അങ്കമാലി, ആലുവ, പിറവം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കൺവീനർ സി.കെ. ശിവദാസൻ അറിയിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, കേരള കോൺഗ്രസ് ജേക്കബ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ദേശീയപാത സമരസമിതി, മൂലമ്പിള്ളി സമരസമിതി, ജനകീയ പ്രതിരോധ സമിതി, വെൽഫെയർ പാർട്ടി, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളുടെ പിന്തുണ അതിവേഗ റെയിൽ വിരുദ്ധ സമരസമിതിക്കുണ്ട്. ഹൈബി ഈഡൻ എം.പി ബുധനാഴ്ച ധർണ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.