വയൽ നികത്തി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കി
text_fieldsകരുമാല്ലൂർ: ആലുവ-പറവൂർ റോഡിൽ കരുമാല്ലൂർ ഷാപ്പ് പടിയിൽ അനധികൃതമായി വയൽ നികത്തി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കി. കൃഷി ഭൂമി നികത്തിയ മണ്ണടക്കം റവന്യു വകുപ്പ് നീക്കം ചെയ്തു. ഡേറ്റ ബാങ്കിൽ ഉൾപ്പെടുന്ന കൃഷി ഭൂമി നികത്തി ‘വയലോരം’ ഹോട്ടൽ സ്ഥാപിച്ചത് വിവാദമായതിനെ തുടർന്ന് ജില്ല കലക്ടറുടെ ഉത്തരവ് അനുസരിച്ചാണ് നടപടി.
പറവൂർ തഹസിൽദാർ ജെയിംസിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വസ്തുക്കൾ നീക്കം ചെയ്തത്. ഒരു വർഷത്തെ നിയമയുദ്ധത്തിനും വാക്തർക്കങ്ങൾക്കും ഒടുവിലാണ് സർക്കാർ നടപടി. ഹോട്ടലിനെ ചൊല്ലി കരുമാല്ലൂർ പഞ്ചായത്ത് ഭരണ സമിതിയിൽ തർക്കവും യോഗം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ അടിസ്ഥാനത്തിൽ നികത്തിയ ഭാഗം പൂർവസ്ഥിതിയിലാക്കുന്നതിന് കലക്ടർ ഉടമക്ക് 30 ദിവസം സമയം നൽകിയിരുന്നു. എന്നാൽ, രണ്ടു മാസത്തിനിടെ ഹോട്ടലിന്റെ കുറച്ചുഭാഗം ഉടമ പൊളിച്ചെങ്കിലും പൂർണ്ണമായും നീക്കിയില്ല. ഇതാണ് ഇപ്പോൾ റവന്യൂ അധികൃതർ നീക്കം ചെയ്തത്. ഇതിന് ചെലവായ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്ന് തഹസിൽദാർ പറഞ്ഞു.
കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലങ്ങൾ പല ആവശ്യങ്ങൾക്കായി നികത്തുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് റവന്യൂ അധികൃതർ നടപടികളുമായി മുന്നോട്ട് പോയത്. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽ കൃഷിയുള്ള പഞ്ചായത്താണ് കരുമാല്ലൂർ. ഇവിടെ കൃഷിഭൂമി കയ്യേറി നികത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് സർക്കാർ നടപടിയിലൂടെ ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.