ഹോട്ടലിൽ കയറിയാൽ കീശ കീറും
text_fieldsകായംകുളം: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ പോക്കറ്റിന് ഇത്തിരിയൊന്നും പോര കനം. കുടുംബവുമൊത്ത് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ കുടുംബം വിൽക്കേണ്ടിവരും.
കുട്ടികളുമൊത്ത് പോകുമ്പോൾ മന്തിയും ഡ്രാഗൺ ചിക്കനും ഷവർമയുമൊക്കെ ഹോട്ടലിനു മുന്നിലിരുന്ന് മാടിവിളിക്കുമ്പോൾ അവർ നിർബന്ധം പിടിക്കും ഒന്നുകയറാൻ. അതിനു വഴങ്ങി ഹോട്ടലിൽ കയറിപ്പോയാൽ ഏഴുദിവസം വീട്ടുചെലവിനുള്ള വകയാണ് ഒരു നേരത്തേക്ക് വേണ്ടിവരുന്നത്. ചായ കുടിക്കുന്നതിന് പാലിന്റെ വില വർധന വില്ലനായി. 12 രൂപയാണ് ഒരു ചായക്ക്. 10 രൂപയായിരുന്ന പൊറോട്ടക്കും 12 ആയി, കടികൾക്കും വില വർധിച്ചിട്ടുണ്ട്. മുമ്പ് 100 രൂപ ഒരു നേരം ഭക്ഷണം കഴിക്കാൻ മാറ്റിവെച്ചിരുന്നെങ്കിൽ ഇന്നത് 250ലേക്ക് എത്തിയിട്ടുണ്ട്. വിലക്കയറ്റം പലരെയും ഇഷ്ടഭക്ഷണങ്ങളിൽനിന്നും പിന്നോട്ട് വലിക്കുകയാണ്. പഞ്ചസാര, മൈദ, അരി ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം ഹോട്ടൽ ഭക്ഷണവില വർധനക്ക് കാരണമായി. പാമോയിലിന് 150 രൂപയും വെളിച്ചെണ്ണക്ക് 250 രൂപയും കൊടുക്കേണ്ടി വരുന്നത് ഹോട്ടൽ ഭക്ഷണവിലയെ ബാധിച്ചു.
75 രൂപയാണ് തേങ്ങക്ക് വില, ഏത്തപ്പഴത്തിന് 85 രൂപയും പച്ചക്കായ 72 രൂപയുമായി. ഇതോടെ ചെറുകിട ഹോട്ടലുകളിൽ 50 രൂപക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 70 രൂപ നൽകണം. നിത്യോപയോഗ സാധനങ്ങളുടെ വില വർധന, പാചകവാതക വിലയുടെ കുതിപ്പ്, കെട്ടിട വാടക, തൊഴിലാളികളുടെ കൂലി, വൈദ്യുതി നിരക്ക് വർധന എന്നിവയാണ് ഹോട്ടൽ ഭക്ഷണവില കൂടാൻ ഇടയാക്കുന്നത്. ഇതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഹോട്ടലുകളിലെ വിലയെക്കുറിച്ച് പരാതികൾ ഉയരുമ്പോൾ അവയുടെ നടത്തിപ്പുകാർക്കുമുണ്ട് പറയാൻ ഏറെ. നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും അടിക്കടിയുള്ള വിലവർധന ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
പല വില ഹോട്ടലുകളിൽ
ഭക്ഷണപദാർഥങ്ങൾക്ക് പല ഹോട്ടലുകളിലും പല നിരക്കാണ് ഈടാക്കുന്നത്. ഇത് ചെറുകിട ഹോട്ടലുകളെ സാരമായി ബാധിക്കുന്നുണ്ട്. ഏതെങ്കിലും ഒരു സാധനത്തിന് വില കുറയുമ്പോൾ മറ്റ് സാധനങ്ങൾക്ക് വില കുത്തനെ ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. മത്സ്യം, മാംസം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വില അടിക്കടി ഉയരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. പാചകവാതകത്തിന് 200 രൂപ വർധിച്ച് 1880 ആയി. ഇതോടെ ഹോട്ടലുകൾ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധിയിലാണ്. വൻകിട ഹോട്ടലുകളിൽ പലതും സ്വന്തം നിലക്ക് നിരക്ക് വർധിപ്പിക്കുമ്പോൾ ചെറുകിട ഭക്ഷണ വ്യാപാരസ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നു.
പാചകത്തൊഴിലാളികൾക്ക് വൻഡിമാൻഡ്
പലരുചികൾ തേടിയെത്തുന്ന ഉപഭോക്താവിനെ ആകർഷിക്കാൻ പലതരം ഭക്ഷണവിഭവങ്ങൾ ഒരുക്കേണ്ടത് മേഖലയിലെ നിലനിൽപിന്റെ പ്രശ്നമായി. ഇതോടെ അന്തർസംസ്ഥാന തൊഴിലാളികൾ മേഖലയിൽ വർധിച്ചു.
അറേബ്യ, ചൈനീസ്, യൂറോപ്യൻ വിഭവങ്ങളാണ് ഹോട്ടലുകൾ തേടിയെത്തുന്നവർ ആവശ്യപ്പെടുന്നത്. ഇവക്കാവശ്യമായ സാമഗ്രികൾക്കൊപ്പം പാചകത്തൊഴിലാളികളുടെയും ഡിമാൻഡ് ഏറി. പാചകക്കാരന് ഭക്ഷണവും ചെലവും കഴിച്ച് 1000 രൂപ മുതൽ 3000 വരെയാണ് ദിവസക്കൂലി. ക്ലീനിങ്ങിനായി 500 മുതൽ 1000 വരെയും ചായക്കാരന് 600 രൂപ മുതൽ നൽകണം.
മലയാളി തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളികളെ കൂടുതൽ ശമ്പളം കൊടുത്ത് ജോലിക്ക് നിർത്തേണ്ട സാഹചര്യമാണ് പലർക്കും.
നിലനിൽപിന്റെ ഭാഗമായി പല ഹോട്ടലുകളും മത്സരിച്ചാണ് തങ്ങളുടെ കച്ചവടം ഭദ്രമാക്കുന്നത്. തങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ വില വർധനയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം.
പുതിയ നികുതിയും ബാധ്യത
വാടകക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയ കേന്ദ്രനയം കച്ചവടക്കാർക്ക് വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഇതിനെല്ലാമിടയിൽ കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയും ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് പ്രശ്നം. അതേസമയം, നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതരത്തിലുള്ള പരിശോധനയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. വിവിധ വകുപ്പുകളിൽനിന്നും യാതൊരു മാനദണ്ഡവും ഇല്ലാത്ത പരിശോധന ഭീഷണി ഹോട്ടലുകൾ നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് ഹോട്ടലുകളിൽ പരിശോധന നടത്തേണ്ടത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള അനാവശ്യമായ പരിശോധന കച്ചവടത്തെ ബാധിക്കുന്ന തരത്തിൽ നടക്കുന്നതായി ആക്ഷേപമുണ്ട്. ശാസ്ത്രീയ പരിശോധനകൾ ഇല്ലാതെ പഴകിയ ഭക്ഷണം പിടിച്ചു എന്ന തരത്തിൽ നടപടി സ്വീകരിക്കുന്നത് കച്ചവടത്തെ ബാധിക്കുന്നു.
മലിന ജലം ഓടകളിലേക്ക് വെള്ളം ഒഴുക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണം. ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനമുള്ള ഹോട്ടലുകൾക്ക് മാത്രമെ അനുമതി നൽകാറുള്ളു. ഇത്തരം സംവിധാനമുള്ള സ്ഥാപനങ്ങൾ ചുരുക്കമാണ്. ഏറ്റവും കുറഞ്ഞ പ്ലാന്റിന് പോലും 10 ലക്ഷത്തോളം രൂപ ചെലവ് വരും. ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് താങ്ങാൻ കഴിയില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.