ഐ.വി. ശശി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ സ്മരണാർഥം ഫസ്റ്റ് ക്ലാപ് സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ പ്രഥമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമാതാവ് വി.ബി.കെ. മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
മാത്തുക്കുട്ടി സേവ്യറാണ് (ചിത്രം: ഹെലൻ) മികച്ച നവാഗത സംവിധായകൻ. രണ്ടാമത്തെ നവാഗത സംവിധായകൻ മനു അശോക് (ഉയരെ). മികച്ച നടിക്കുള്ള പ്രത്യേക പരാമർശത്തിന് ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അന്നാ ബെൻ അർഹയായി. മികച്ച നവാഗത സംവിധായകന് 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും.
മ്യൂസിക് ആൽബം വിഭാഗത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം 'ഓണമാണ്' എന്ന ഗാനം എഴുതിയ കവി പ്രസാദ് ഗോപിനാഥിന് ലഭിച്ചു. റിത്വ എന്ന ആൽബത്തിലൂടെ സുദീപ് പാലനാട് മികച്ച സംഗീത സംവിധായകനായി. ആദിത്യ ചന്ദ്രശേഖരനാണ് മികച്ച ആൽബം സംവിധായകൻ (ചന്ദ്രേട്ടായനം). കാപ്പിച്ചാൻ നിർമിച്ച 'ഓണമാണ്' ഗാനം ഏറ്റവും നല്ല ആൽബത്തിനുള്ള അവാർഡ് നേടി. കാമ്പസ് വിഭാഗത്തിൽ മികച്ച സംവിധായകനായി ഷജിൻ സാം തെരഞ്ഞെടുക്കപ്പെട്ടു. ഭ്രമണം ആണ് മികച്ച കാമ്പസ് ഷോർട്ട് ഫിലിം.
പ്രവാസി വിഭാഗത്തിലെ മികച്ച ഫിലിമായി കടലാഴവും മികച്ച പ്രവാസി ഷോർട്ട് ഫിലിം സംവിധായകനായി രഞ്ജീഷ് മുണ്ടക്കലും തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ വിഭാഗത്തിൽ അതിര് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് നന്ദിതാദാസ് പ്രത്യേക പരാമർശത്തിന് അർഹയായി.
മികച്ച നടി: വീരാ ദസ്തൂരി, നടൻ: ഷിജു പവിത്രൻ, എഡിറ്റർ: ഫിൻ ജോർജ്, ഛായാഗ്രഹകൻ: എസ്. മൃദുൽ, തിരക്കഥാകൃത്ത്: എസ്. മൃദുൽ, എസ്. വിനായക്, സംവിധായകൻ: ഫാസിൽ റസാഖ്, മികച്ച ചിത്രം: ഹരിച്ചാലും ഗുണിച്ചാലും. കോവിഡിനുശേഷം പുരസ്കാരങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.