ദേശീയപാതയോരത്ത് അനധികൃത പാർക്കിങ്; കാൽനടക്കാരുടെ ജീവന് ഭീഷണി
text_fieldsചെങ്ങമനാട്: ദേശീയപാതയിൽ അപകടങ്ങൾ നിത്യമാവുന്ന ചെങ്ങമനാട് പറമ്പയത്ത് വഴിയോരം കൈയടക്കിയുള്ള വാഹന പാർക്കിങ്ങിനെതിരെ നടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധം. ദേശം-അത്താണി റോഡിൽ പറമ്പയം ബസ് സ്റ്റോപ്പിന് സമീപമാണ് പകലന്തിയോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വിമാനത്താവളത്തിലേക്കും മറ്റും നിരന്തരം വരുന്ന വി.ഐ.പി വാഹനങ്ങൾ, ദീർഘദൂര ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് കാൽനട യാത്രികർക്ക് സഞ്ചരിക്കാനാകാത്ത വിധം ബൈക്കുകൾ നിർത്തിയിടുന്നത്.
ജുമാമസ്ജിദ് പരിസരത്ത് നിന്ന് വിദ്യാർത്ഥികളടക്കമുള്ള നിരവധി കാൽനട യാത്രികരാണ് അങ്കമാലി, ആലുവ ബസ് സ്റ്റോപ്പുകളിലേക്ക് ഇതുവഴി വരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വഴിയോരത്ത്കൂടി നടക്കാനാകില്ല. റോഡിൽ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. അത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുമുണ്ട്. ജീവഹാനി സംഭവിച്ച അപകടങ്ങളടക്കമുണ്ടായിട്ടുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നെടുമ്പാശ്ശേരി പൊലീസ്, ഹൈവേ അധികൃതർ, ഹൈവേ പൊലീസ്, ജില്ല റൂറൽ എസ്.പി അടക്കമുള്ള അധികൃതർക്ക് നേരിട്ട് പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് മുൻ ഗ്രാമ പഞ്ചായത്തംഗവും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജെർളി കപ്രശ്ശേരി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പറമ്പയത്ത് ഹോട്ടലിൽ ടോറസ് ലോറി പാഞ്ഞ് കയറിയതും, യു ടേണിൽ നിത്യവുമുണ്ടാകുന്ന അപകടങ്ങളും, ഗതാഗതക്കുരുക്കും, വഴിയോരത്തെ അനധികൃത പാർക്കിങ്ങുമെല്ലാം ശാസ്ത്രീയ ട്രാഫിക് സംവിധാനമില്ലാത്തത് കാരണമാണ്. അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ ദേശീയപാത ഉപരോധമടക്കമുള്ള സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.