റോ–റോ തകരാറിൽ; യാത്രക്കാർ ദുരിതത്തിൽ
text_fieldsമട്ടാഞ്ചേരി: ഫോർട്ട് കൊച്ചി-വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ-റോ വെസലുകളിൽ ഒന്ന് തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു. രാവിലെ 10 മണിയോടെ തകരാറിലായ വെസൽ വൈകീട്ട് അഞ്ചു മണിയോടെ അറ്റകുറ്റപ്പണികൾ തീർത്ത് പുനരാരംഭിച്ചെങ്കിലും ആറ് മണിയോടെ വീണ്ടും തകരാറിലായി.
നിരവധി വാഹനങ്ങളാണ് മറുകര കടക്കാൻ ഇരുകരകളിലുമായി മണിക്കൂറുകളോളം കാത്ത് കിടന്നത്. ഒരു വെസൽ മാത്രമായതോടെ യാത്രക്കാർ ദുരിതത്തിലായി.
മേഖലയിലെ യാത്രാ ക്ഷാമം പരിഹരിക്കാൻ നഗരസഭ രണ്ട് റോ-റോ വെസലുകൾക്കൊപ്പം ഫോർട്ട് ക്യൂൻ എന്ന വലിയ ബോട്ടും സർവിസിനിറക്കിയിരുന്നു. എന്നാൽ, മൂന്ന് വർഷമായി ഫോർട്ട് ക്യൂൻ സർവിസ് നിലച്ചിരിക്കയാണ്. അറ്റകുറ്റപ്പണിക്ക് കയറ്റിയ ഈ ബോട്ട് ഇതുവെര ഇറക്കാൻ നഗരസഭക്കായിട്ടില്ല. ഇരട്ട എൻജിനോട് കൂടിയ ആധുനിക സൗകര്യങ്ങൾ അടങ്ങിയ ഈ സ്റ്റീൽ ബോട്ടിെൻറ പുതുമ പോലും നഷ്ടപെടാത്ത അവസ്ഥയിലാണ് സർവിസ് നിർത്തിയത്. യാത്രക്കാർ തിങ്ങി നിറഞ്ഞ് റോ-റോയിൽ കയറുമ്പോഴും ബോട്ട് സർവിസ് നടത്തുന്നതിൽ നഗരസഭ തയാറാകുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്തെങ്കിലും ബോട്ട് സർവിസ് പുനരാരംഭിക്കാൻ അധികൃതർ തയാറാകണമെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡൻറ് കെ.എ. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
ജലഗതാഗത വികസനം; പടിഞ്ഞാറൻ കൊച്ചിയോട് അവഗണന
മട്ടാഞ്ചേരി: ജലഗതാഗത വികസനത്തിൽ പശ്ചിമകൊച്ചിയെ പാടെ അവഗണിക്കുന്നു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തോപ്പുംപടി , ഇടക്കൊച്ചി എന്നീ കേന്ദ്രങ്ങളിൽനിന്ന് ബോട്ട് സർവിസുകൾ തുടങ്ങുന്നതിലും ജെട്ടി നിർമാണം,നവീകരണം എന്നിവയിലും അധികൃതർ അവഗണന തുടരുമ്പോൾ, കിഴക്കൻ നഗര മേഖലകളിൽ നവീകരണങ്ങൾ തിരക്കിട്ടു നടത്തുകയാണ്.
പശ്ചിമകൊച്ചിയിലെ ജെട്ടികൾ തകരുമ്പോഴാണ് തേവര ജെട്ടിക്കായി 99 ലക്ഷം രൂപ അനുവദിച്ചതെന്ന് യാത്രക്കാരുടെ സംഘടനയും പരാതിപ്പെടുന്നു.
സംസ്ഥാന ജലഗതാഗത വകുപ്പും,കൊച്ചിമെട്രോയുടെ ജലമെട്രോയും പശ്ചിമകൊച്ചിയെ തഴയുകയാണന്നും പരാതിയുണ്ട്. വർഷങ്ങളായി പ്രവർത്തിക്കുന്ന സംസ്ഥാന ജലഗതാഗതവകുപ്പ് നിലവിലെ ബോട്ട് സർവിസുകൾതന്നെ വെട്ടിക്കുറയ്ക്കുകയാണ്. എറണാകുളം നഗരത്തെ ബന്ധിപ്പിച്ച് പ്രതിദിനം 60ഓളം സർവിസുകൾ നടത്തിയിരുന്ന വകുപ്പ് നിലവിൽ20 എണ്ണം മാത്രമാണ് നടത്തുന്നത്.
മാത്രമല്ല മൂന്ന് വർഷത്തോളമായി പ്രവർത്തനരഹിതമായി കാടുകയറി കിടക്കുന്ന മട്ടാഞ്ചേരി ജെട്ടിയുടെ നവീകരണം ഉപേക്ഷിക്കുകയും ചെയ്തു. കായലും, കൈവരികളും കൊച്ചിയുടെ ജലഗതാഗത വികസന സാധ്യതകൾ സൃഷ്ടിക്കുമ്പോൾ അധികൃതരുടെ സമീപനം ഇതില്ലാതാക്കുന്നതാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.