കോവിഡ് പ്രതിരോധം മാതൃകയായി ഉദയകോളനിയിലെ ജനകീയ കൂട്ടായ്മ
text_fieldsകൊച്ചി: കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട ഗാന്ധിനഗർ ഉദയകോളനിയിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് തുടങ്ങിയ പ്രതിരോധ പ്രവർത്തനം ശ്രദ്ധേയമാകുന്നു. നമ്മുെട കോളനി സുരക്ഷിതം എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ദിവസങ്ങളായി ഇവിടുത്തെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
104 കുടുംബങ്ങളുള്ള കോളനിയിൽ 20ഓളം പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. ഇവരുെട കുടുംബങ്ങൾക്കും കണ്ടെയ്ൻമെൻറ് സോണായതിനാൽ നിത്യവൃത്തിക്കായി പുറത്തുപോകാനാകാത്ത മറ്റു കുടുംബങ്ങൾക്കുമുള്ള ഭക്ഷണവിതരണം, ഭക്ഷ്യധാന്യ- മരുന്ന് വിതരണം, ശുചീകരണം, കൊച്ചി കോർപറേഷനുമായി ചേർന്ന് കോവിഡ് പരിശോധന ക്യാമ്പ് തുടങ്ങിയവയാണ് ഇവർ സംഘടിപ്പിക്കുന്നത്.
സുമനസ്സുകളുടെ സ്പോൺസർഷിപ്പോെടയാണ് വീടുകളിലേക്കുള്ള ഭക്ഷണവും മരുന്നുമെല്ലാം വിതരണം ചെയ്യുന്നത്.
ഗാന്ധിനഗറിൽ തന്നെയുള്ള എസ്.ഡി കോൺവെൻറിൽവെച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതിനുള്ള മറ്റു കാര്യങ്ങളും ഏകോപിപ്പിക്കുന്നത്. കോൺഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമെല്ലാം കൂട്ടായ്മയിൽ സജീവമായുണ്ട്.
71 പേരുള്ള വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഓരോരുത്തർക്കും വേണ്ട ആവശ്യങ്ങൾ അറിയുന്നതും അവ എത്തിച്ചുകൊടുക്കുന്നതുമെല്ലാം. ഭക്ഷണം, മരുന്ന് വിതരണത്തിനായി പത്തിൽ താഴെ സജീവ പ്രവർത്തകരുമുണ്ട്. നിരവധി പേർ പച്ചക്കറി, ബേക്കറി ഉൽപന്നങ്ങൾ, അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ പാക്ക് ചെയ്ത് ഇവർക്കെത്തിച്ചു നൽകുന്നുണ്ട്. ആശ്രയ സംഘടനയുടെ ചെയർമാനും കോർപറേഷൻ മുൻ കൗൺസിലറുമായ പി.ഡി. മാർട്ടിൻ കഴിഞ്ഞ ദിവസം 90 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് നൽകിയിരുന്നു.
പ്രദേശത്തെ പൊതുപ്രവർത്തകരായ കെ.എം. അജയകുമാർ, എം. ജയൻ, ജിജി വിശ്വനാഥൻ, അനിൽകുമാർ, ഡോ. ജോസഫ് ജോയ്, ആശ വർക്കർ അനു സഞ്ജു, എസ്.ഡി കോൺവെൻറിലെ മദർ അനിഷ, കുടുബശ്രീ ചെയർപേഴ്സൻ ഗീത ഗോപി, അയ്യപ്പൻ, ആൻറണി വിൻസൻറ്, പ്രദീപ് സുപ്രൻ തുടങ്ങിയവരാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.