സ്കൂൾ ബസിൽനിന്ന് വിദ്യാർഥി വീണ സംഭവം; സമാന സംഭവങ്ങൾ ഒഴിവാക്കാൻ നിയമം വേണമെന്ന് ആവശ്യം
text_fieldsകാക്കനാട്: ഓടുന്ന സ്കൂൾ ബസിൽനിന്ന് എൽ.കെ.ജി വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിന് പിന്നാലെ സ്കൂൾ ബസുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ഒരു മാസത്തിനിട രണ്ടാം തവണയാണ് സംഭവം ആവർത്തിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ ദിവസവും രാവിലെ എമർജൻസി എക്സിറ്റുകളുടെ മൂടികൾ കൃത്യമായി പരിശോധിക്കണമെന്നാണ് നിയമം. കുട്ടികളെ ബോധവത്കരിക്കാനായി വർഷത്തിൽ രണ്ടോ മൂന്നോ തവണ മോക്ഡ്രില്ലുകളും സംഘടിപ്പിക്കാറുണ്ട്.
എമർജൻസി വാതിലുകളുടെ പ്രവർത്തനം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. കൊച്ചു കുട്ടികൾ ഇത്തരം വാതിലുകൾക്ക് അരികിൽ ഇരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം കേരളത്തിലും നടപ്പാക്കണമെന്ന ആവശ്യം പ്രാവർത്തികമായിട്ടില്ല. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇത് നിയമംമൂലം നടപ്പിലാക്കണമെന്നാണ് പൊതുജനാവശ്യം.
പള്ളിക്കരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ആഴ്ച മോട്ടോർവാഹന വകുപ്പ് 'യാത്രക്ക് മുമ്പേ' പേരിൽ ബോധവത്കരണ വിഡിയോ പുറത്തിറക്കിയത്. ഇതിന് പിന്നിലുണ്ടായിരുന്നത് പെരുമ്പാവൂർ സബ് ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ എൻ.കെ. ദീപുവായിരുന്നു.
പെരുമ്പാവൂർ ജോ. ആർ.ടി.ഒ. എ.കെ. പ്രകാശ്, വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ഷിബു എന്നിവരും സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെയും ജില്ല കലക്ടറുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിരവധിപേരാണ് വിഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.