ഇൻഫോ പാര്‍ക്ക് മൂന്നാം ഘട്ടം: കാക്കരകരി പാടങ്ങള്‍ക്ക് പുതുജീവൻ
text_fieldsകിഴക്കമ്പലം: ഇന്‍ഫോ പാര്‍ക്കിന്റെ മൂന്നാംഘട്ടവികസനത്തിന് കിഴക്കമ്പലത്തെ 300 ഏക്കര്‍ ഭൂമി വേണ്ടിവരുമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ കിഴക്കമ്പലത്തെ പ്രധാന പാടശേഖരമായ കാക്കരകരി പാടങ്ങള്‍ക്ക് പുതുജിവൻ.
ഏറെ താഴ്ന്നതും കരിച്ചെളി നിറഞ്ഞതും 12 മാസവും ജലനിബിഡവുമായ കാക്കരക്കരി പാടത്തെ ചിലഭാഗങ്ങള്‍ നിലവില്‍ പല വ്യവസായികളുടെയും കൈവശമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാടശേഖരത്തില്‍ ഉണ്ടായിരുന്നത് ഒരു വര്‍ഷത്തില്‍ ഒരുപ്പൂ മുണ്ടകന്‍ ഞാറ് നടീല്‍ മാത്രമായിരുന്നു. എന്നാല്‍ 1978ല്‍ കര്‍ഷകനായ തോമസ് കോയിക്കരയുടെ നേതൃത്വത്തില്‍ കരിലാന്ഡ് കര്‍ഷക സംഘം രൂപീകരിച്ച് കിഴക്കമ്പലം കൃഷിഭവന്റെ സഹകരണത്തോടെ പെട്ടിയും പറയും വിഭാഗത്തില്‍ പെടുന്ന വന്‍കിട മോട്ടോറുകള്‍ സ്ഥാപിച്ചതോടെ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി. തന്മൂലം ഇരുപ്പൂ കൃഷി ആരംഭിക്കാനായി. ഏറെ താഴുന്ന പാടശേഖരത്തില്‍ യന്ത്രവല്‍ക്കരണം സാധ്യമല്ലായിരുന്നു. 1994 വരെ സജീവമായിരുന്ന കരിലാന്ഡ് പാടത്തെ കൃഷി, തൊഴിലാളികളുടെ അഭാവത്തോടെ നഷ്ടത്തിലായി. പിന്നീട് തരിശായികിടക്കുകയാണ്.
നിലവില്‍ ഉടമകളാരും തങ്ങളുടെ പാടശേഖരത്തേക്ക് പോകുന്നില്ല. കൂടുതല്‍ വിളവു നല്‍കിയിരുന്ന പ്രദേശങ്ങളായ കോഴിത്തെറ്റയും തുരുത്തുകരപാടവും ഒക്കെ കൃഷി അവസാനിപ്പിച്ചു. അതോടൊപ്പം ചെറുകിട കര്‍ഷകരില്‍ മിക്കവരും കൃഷി അവസാനിപ്പിച്ചു. അതോടെ പല വന്‍കിട വ്യവസായികളും ചെറിയ വിലയില്‍ കൃഷിഭൂമി സ്വന്തമാക്കി. കുറുക്കനും നീര്‍നായും മലമ്പാമ്പും ഇഴജന്തുക്കളും സമൂഹികവിരുദ്ധരും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവരും ഇവിടെ വിഹരിക്കാന്‍ തുടങ്ങി. പ്രദേശത്തെ ജലസ്രോതസുകള്‍ മലിനമായി. പടിഞ്ഞാറെ അറ്റം കടമ്പ്രയാര്‍ തുക്കുപാലവും കിഴക്കെ അറ്റം പവര്‍ ഗ്രിഡും തെക്ക് വണ്ടര്‍ലയും അതിര്ത്തികളാകുമ്പോള് അതിവിശാലമായ പ്രദേശമായി മാറും.
ചെറുതോടുകളും ജനവാസമില്ലാത്ത ചെറുതുരുത്തുകളും ഉള്‍പ്പെടുന്ന വിജനമായ ഈ പ്രദേശത്തിന് ഏകദേശം 300 ഏക്കര്‍ വിസ്തൃതിയുണ്ട്. നല്ല കാഴ്ച്ചപ്പാടുണ്ടായാല്‍ ഒരു കുടുബത്തേപ്പോലും കുടിയിറക്കാതെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിക്കാതെയും പദ്ധതി നടപ്പാക്കാനാകും എന്ന വലിയ സവിശേഷതയും ഈ പദ്ധതിക്കുണ്ടെന്ന് പ്രദേശവാസികള്‍ക്ക് അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.