നടപ്പാതയോ ഇത് 'വാരിക്കുഴി'യോ
text_fieldsതൃപ്പൂണിത്തുറ: തൈക്കൂടം-പേട്ട റോഡിലൂടെ കാല്‍നടക്കാര്‍ ജീവന് പണയംവെച്ചു വേണം സഞ്ചരിക്കാന്‍. ഒന്ന് കണ്ണടച്ചാല്‍ വീഴുന്നത് വന്കുഴികളിലേക്കായിരിക്കും. കാഴ്ചശക്തിയില്ലാത്തവര്ക്കുപോലും സഞ്ചരിക്കാന്‍ കഴിയുമെന്ന വാഗ്ദാനത്തോടെയാണ് ആധുനികരീതിയില്‍ ലക്ഷങ്ങള്‍ മുടക്കി നടപ്പാതകള്‍ മെട്രോ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നിര്‍മിച്ചത്. എന്നാല്‍, കാഴ്ചശക്തിയുള്ളവര്ക്കുപോലും ഇപ്പോള്‍ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് റോഡരികിലെ കാനകള്‍.
തകര്‍ന്ന സ്ലാബുകള്‍ നന്നാക്കാതെ ഡ്രെയിനേജ് ക്ലീനിങ്ങിനെന്ന് പറഞ്ഞ് പേട്ട ഭാഗത്തെ നടപ്പാതയിലെ ടൈലുകള്‍ പൊളിച്ച് കാനകള്‍ ക്ലീന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാതെ ലക്ഷങ്ങള്‍ ചെലവഴിച്ച് ടൈല്‍ വിരിച്ചത് പാഴ്ചെലവായിരിക്കുകയാണ്. കാനവൃത്തിയാക്കാതെയും ആഴം കൂട്ടാതെയും സ്ലാബിനു മുകളില്‍ ടൈല്‍ വിരിച്ചതുമൂലം ഭൂരിഭാഗം പ്രദേശത്തും പൊളിച്ച് കാനകള്‍ വൃത്തിയാക്കേണ്ട സാഹചര്യമാണ്. കാന വൃത്തിയാക്കല്‍ തകൃതിയാണെങ്കിലും കനത്ത മഴയത്ത് റോഡരികില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
ഇതുമൂലം തകര്‍ന്ന നടപ്പാതയിലൂടെ മാത്രമാണ് കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനാവുക. ഒരു വര്‍ഷമായി ഇത്തരത്തില്‍ ഫുട്പാത്ത് തകര്‍ന്ന് അപകടഭീഷണിയുയര്ത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. തകര്‍ന്ന സ്ലാബുകള്ക്കുസമീപം വഴിവിളക്കില്ലാത്തതും അപകടസാധ്യത കൂട്ടുന്നു. അശാസ്ത്രീയ കാന നിര്‍മാണംമൂലം വൈറ്റില, പേട്ട, തൈക്കൂടം ഭാഗങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാനകളുടെ സ്ലാബ് തകര്‍ന്ന് കാനയില്തന്നെ വീണിട്ടുണ്ട്. സ്ലാബ് ഇല്ലാത്തയിടങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെട്ടിട്ടുമുണ്ട്. ഇളകിക്കിടക്കുന്ന കാനകള്ക്കിടയിലെ വിടവുകള്‍ കാണാനാകാതെ യാത്രക്കാര്‍ വീഴുന്നത് പതിവ് കാഴ്ചയാണ്. തൈക്കൂടം മെട്രോ സ്റ്റേഷനുസമീപത്തെ നടപ്പാതകളിലെ ടൈലുകള്‍ ഇളകി നശിച്ചുപോയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.