കളമശ്ശേരി നഗരസഭയിൽ കോൺഗ്രസ് -ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ലീഗ്
text_fieldsകളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി നഗരസഭയുടെ സയൻസ് പാർക്ക് ഉപദേശക സമിതിയിലേക്ക് ബി.ജെ.പി അംഗത്തെ ഉൾപ്പെടുത്തിയതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ സമിതിയിലേക്ക് ബി.ജെ.പി അംഗത്തെ ഉൾപ്പെടുത്താനെടുത്ത തീരുമാനത്തിനെതിരെയാണ് ഭരണകക്ഷിയിലെ ലീഗ് കർശന തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ലീഗ് മുനിസിപ്പൽ തല നേതൃയോഗം ചേർന്ന് നഗരസഭയിൽ യു.ഡി.എഫുമായി സഹകരിക്കേണ്ട എന്നതാണ് തീരുമാനം. അവിശുദ്ധ ബന്ധം സ്ഥാപിച്ച് മൂന്ന് അംഗങ്ങളുള്ള ലീഗ് പ്രതിനിധിയെ ഒഴിവാക്കുകയും ഏക അംഗമുള്ള ബി.ജെ.പി പ്രതിനിധിയെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം പ്രതിഷേധാർഹമാണ്.
ഇതിന് പരിഹാരമുണ്ടാക്കുന്നതുവരെ നഗരസഭ കൗൺസിൽ യോഗങ്ങളിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുമായി സഹകരിക്കേണ്ടതില്ലയെന്നാണ് തീരുമാനം.
അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ഈ ആവശ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഡി.സി.സി പ്രസിഡന്റിനും പരാതി നൽകാനും യോഗം തീരുമാനിച്ചു. കൂടാതെ സഹകരണ ബാങ്കിൽ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട് ലീഗ് ജില്ല കമ്മിറ്റി ബാങ്ക് ഡയറക്ടർമാർക്ക് നൽകിയിരുന്ന നിർദേശം ലംഘിച്ച് സഹകരണ ജോ. രജിസ്ട്രാർക്ക് പരാതി നൽകുകയും ബാങ്ക് പ്രസിഡന്റിനെതിരെ പാർട്ടിയുടെ അനുമതിയില്ലാതെ വോട്ട് ചെയ്യുകയും ചെയ്ത പി.എ. അബ്ദുല്ല, കെ.എം. മുഹമ്മദ് എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകാനും മുനിസിപ്പൽതല നേതൃയോഗം തീരുമാനിച്ചിരിക്കുകയാണ്. ജില്ല ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസ്, സെക്രട്ടറിമാരായ എം.പി. അഷറഫ് മൂപ്പൻ, ഇ.എം. അബ്ദുൽ സലാം, നഗരസഭ വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ, ടൗൺ ജനറൽ സെക്രട്ടറി പി.ഇ. അബ്ദുൽ റഹീം തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പി അംഗത്തെ നിർദേശിച്ചത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്
കോൺഗ്രസ് ഭരിക്കുന്ന കളമശ്ശേരി നഗരസഭ സയൻസ് പാർക്ക് ഉപദേശക സമിതിയിലേക്ക് ബി.ജെ.പി അംഗത്തെ നിർദേശിച്ച നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ്. ഇക്കാര്യം പാർട്ടി അറിയാതെയാണെന്നും കോൺഗ്രസിന് ബന്ധമില്ലെന്നും നടപടിയെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.