ജൽ ജീവൻ മിഷൻ പൈപ്പിടൽ: റോഡ് വെട്ടിപ്പൊളിച്ചാൽ മാത്രം പോരാ; മൂടണം
text_fieldsകീഴ്മാട്: മാസങ്ങളായി തുടരുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പണികൾ മൂലം ദുരിതത്തിലായിരിക്കുകയാണ് ആലുവ - പെരുമ്പാവൂർ റോഡിലെ യാത്രക്കാർ. പദ്ധതിയുടെ ഭാഗമായി ഈ റോഡിന്റെ പല ഭാഗത്തായി റോഡ് വട്ടം കീറി മുറിച്ചിരിക്കുകയാണ്. ഇത്തരം ഭാഗത്ത് മണ്ണ് ഇട്ട് മൂടിയിട്ടുണ്ടെങ്കിലും കുഴി പൂർണ്ണമായി മൂടാത്തതിനാൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
മഹിളാലയം കവലയിലും, കുട്ടമശ്ശേരി എസ്.ബി.ഐക്ക് മുന്നിലും, ചാലക്കൽ പെരിയാർ പോട്ടറീസ് കവലയിലും റോഡ് വട്ടം മുറിച്ച് വലിയ തോടുകൾ എടുത്തിട്ടുണ്ട്. ഇവിടെയെല്ലാം കുഴിയിൽ ശരിയായ രീതിയിൽ മണ്ണിട്ടിട്ടില്ല. ഇതുമൂലം വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഈ കുഴികളിൽ വീഴുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ആലുവ - പെരുമ്പാവൂർ റോഡിൽ ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം വരെ ഭാഗങ്ങളിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾ നടക്കുന്നത്. ഇത് തുടങ്ങിയിട്ട് മാസങ്ങളായി.
ഇതുവരെ പൂർത്തിയായിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിടൽ ജോലികൾ നടക്കുന്നുണ്ട്. റോഡിൽ ഗതാഗത സ്തംഭനത്തോടൊപ്പം കനത്ത പൊടി ശല്യവും രൂക്ഷമാണ്. ശക്തമായ പൊടിശല്യം മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് കച്ചവടക്കാരും റോഡിനോട് ചേർന്ന് വീടുള്ളവരുമാണ്. മാസങ്ങളായി നടക്കുന്ന പൈപ്പിടൽ ജോലികൾ മൂലം ആലുവ - പെരുമ്പാവൂർ റോഡിലെ യാത്ര ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.