ജൽ ജീവൻ തട്ടിക്കൂട്ട് പണി
text_fieldsഎസ്.എൻ.ഗിരി-അയ്യൻകുഴി റോഡിൽ പാതാളക്കുഴികൾ
കീഴ്മാട്: എസ്.എൻ ഗിരി-അയ്യൻകുഴി റോഡിൽ പാതാളക്കുഴികൾ. റോഡിന് നടുവിൽ രൂപപ്പെട്ട ആഴമേറിയ കുഴികൾ യാത്രക്കാർക്ക് മരണക്കുരുക്കായി മാറിയിരിക്കുകയാണ്. നല്ല രീതിയിലായിരുന്ന റോഡ് ജൽ ജീവൻ പദ്ധതിയോടെയാണ് തകർച്ചയിലായത്. ആറുമാസം മുമ്പ് ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാൻ റോഡിന് നടുവിലൂടെ കിടങ്ങ് താഴ്ത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ്, തട്ടിക്കൂട്ട് പണി നടത്തി കുഴിയടക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കുഴി മൂടിയ മെറ്റലും മറ്റും കുത്തിയൊലിച്ച് പോകുകയായിരുന്നു. ഇതോടെയാണ് ഇവിടെ മരണക്കുഴിയായി മാറിയത്. ശ്രീനാരായണ ഗിരി സ്കൂൾ, ക്രസന്റ് പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേതടക്കം നിരവധി വാഹനങ്ങൾ നിത്യേന ഇതുവഴി പോകുന്നുണ്ട്. അയ്യൻകുഴി ഭഗവതി ക്ഷേത്രമടക്കം പല സ്ഥാപനങ്ങളും ഈ ഭാഗത്തുണ്ട്. നൂറുകണക്കിന് കാൽനടക്കാരും റോഡ് ഉപയോഗിക്കുന്നു. ഒരു കിലോമീറ്ററോളം ദൂരം വരുന്ന റോഡാണ് തകർന്നു കിടക്കുന്നത്.
പി.ഡബ്ല്യു.ഡി അധികൃതർക്കും വാട്ടർ അതോറിറ്റിക്കും കീഴ്മാട് പഞ്ചായത്തിനും നാട്ടുകാരും പരിസരവാസികളും പരാതികൾ നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ ചെറു വാഹനങ്ങൾക്കോ വലിയ വാഹനങ്ങൾക്കോ ഈ റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയായി മാറിയിട്ടുണ്ട്.
പദ്ധതിക്ക് റോഡ് പൊളിച്ചു;കൊടികുത്തുമല ഭാഗത്ത് അപകടം പതിവ്
ആലുവ: ജലജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കുഴൽ സ്ഥാപിക്കാൻ നെടുകെ പൊളിച്ച കൊച്ചിൻബാങ്ക്-എൻ.എ.ഡി-മെഡിക്കൽ കോളജ് റോഡിൽ കൊടികുത്തുമല ഭാഗത്ത് അപകടം പതിവായി. കൊടികുത്തുമല ജങ്ഷൻ മുതൽ അടിവാരം ബസ്സ്റ്റോപ്പുവരെ റോഡിന്റെ ഒരു ഭാഗം പൂർണമായും കുടിവെള്ള കുഴൽ സ്ഥാപിക്കാൻ പൊളിച്ചിരുന്നു. കുത്തനെ കയറ്റവും ഇറക്കവും കൊടുംവളവുകളുമുള്ള ഇടുങ്ങിയ റോഡിൽ സാധാരണ നിലയിൽ തന്നെ വാഹനങ്ങൾക്ക് ദുരിതയാത്രയാണ്. ഇതിനിടെയാണ് റോഡിന് ഒരു വശം പൂർണമായും പൊളിച്ചത്. കുടിവെള്ള കുഴൽ സ്ഥാപിച്ച ശേഷം പൊളിച്ച ഭാഗം മണ്ണിട്ടു മൂടിയെങ്കിലും ടാർ ചെയ്തില്ല. ഇതു മൂലം മഴപെയ്തതോടെ ഈ ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് മണ്ണ് താഴ്ന്ന നിലയിലാണ്.
ഇതോടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം ദുരിതത്തിലുമാണ്. ഇടുങ്ങിയ റോഡരികിൽ കുടിവെള്ള കുഴൽ ഇട്ടിരിക്കുന്നത് കാട് മൂടിയ അവസ്ഥയിലായതോടെ അപകടം പതിവാവുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസും കാറും സൈഡു നൽകുന്നതിനിടെ പൈപ്പിൽ ഇടിച്ച് അപകടവും ഉണ്ടായി. ചതുപ്പായി മാറിയ റോഡിന്റെ ഇരുവശത്തും ലോഡ് നിറച്ച കണ്ടെയ്നർ ലോറികളും താഴുന്നുണ്ട്. ആലുവയിൽനിന്നും പെരുമ്പാവൂർ, കോതമംഗലം, ഇടുക്കി ജില്ല ഉൾപ്പെടെ കിഴക്കൻ മേഖലയിൽനിന്നും ആംബുലൻസുകൾ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ ആശ്രയിക്കുന്ന റോഡാണ് മാസങ്ങളായി അപകടാവസ്ഥയിലായിരിക്കുന്നത്.
നിയമ സർവകലാശാലയായ നുവാൽസ്, അൽ അമീൻ കോളജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും ആശ്രയിക്കുന്നത് ഈ റോഡാണ്.പലവട്ടം പൊലീസ്, പി.ഡബ്ല്യു.ഡി, ജല അതോറിറ്റി അധികാരികളോടും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.