മാലിന്യ കടമ്പയിൽ വഴിമുട്ടി കടമ്പ്രയാർ
text_fieldsകുന്നത്തുനാടിന്റെ ജീവനദിയായ കടമ്പ്രയാറും കൈവഴികളും മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും പലരും കടമ്പ്രയാറിന്റെ കൈവഴികളിലാണ് തള്ളുന്നത്. ചില വ്യവസായ ശാലകൾ കടമ്പ്രയാറിലേക്ക് വ്യാപകമായി രാസമാലിന്യങ്ങളും കക്കൂസ്മാ ലിന്യങ്ങളും ഒഴുക്കുന്നതായി പരാതി ഉണ്ട്. കടമ്പ്രയാർ നേരിടുന്ന പാരിസ്ഥിതിക ഭീഷണികളെക്കുറിച്ച് ഒരന്വേഷണം...
കടമ്പ്രയാറിലും കൈവഴികളിലും മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉൾപ്പെടെ കലര്‍ന്നുള്ള മലിനീകരണം അതീവഗുരുതരമാണെന്ന് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോർട്ടുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് പുഴവെള്ളത്തില്‍ അനുവദനീയമായതിന്റെ 200 ഇരട്ടിയിലേറെയാണിവിടെ. ശുദ്ധീകരിച്ച് പോലും ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തത്ര മലിനമാണ് ഈ വെള്ളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന് കീഴിലെ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരം സംബന്ധിച്ച 2019ലെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
കടമ്പ്രയാറിലെ മനക്കക്കടവ്, ബ്രഹ്മപുരം ഭാഗത്തെ ജലഗുണനിലവാരമാണ് വെവ്വേറെ രേഖപ്പെടുത്തിയത്. രണ്ടിടത്തെയും ജലോഷ്മാവ്, പിഎച്ച്, ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബി.ഒ.ഡി), നൈട്രേറ്റ് എന്‍ എന്നിവയുടെ നിലവാരവും പട്ടികയിലുണ്ട്. മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള മലിനീകരണത്തോതും മറ്റ് വിസര്‍ജ്യങ്ങളില്‍നിന്നുള്ള മലിനീകരണത്തിന്റെ അളവും പ്രത്യേകമുണ്ട്. റിപ്പോർട്ട് പ്രകാരം കടമ്പ്രയാറിന്റെ ബ്രഹ്മപുരം ഭാഗത്തെ വെള്ളത്തില്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 200 മുതല്‍ ഒരുലക്ഷം വരെ കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മറ്റ് വിസര്‍ജ്യങ്ങളും ഉള്‍പ്പെടുമ്പോള്‍ ഇത് 700 മുതല്‍ 1,20,000 വരെയാകുന്നു. മനക്കക്കടവ് ഭാഗത്ത് കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്ററില്‍ 12 മുതല്‍ 6300 വരെയാണ്. മറ്റ് വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ 340 മുതല്‍ 7900 വരെയാണ് കോളിഫോം ബാക്ടീരിയ കലര്‍ന്നിട്ടുള്ളത്. 2018ലെ കണക്കനുസരിച്ച് ബ്രഹ്മപുരം ഭാഗത്ത് മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോമിന്റെ അളവ് 100 മില്ലിലിറ്റര്‍ ജലത്തില്‍ 790 മുതല്‍ 4600 വരെയും മനക്കക്കടവ് ഭാഗത്ത് 200 മുതല്‍ 4300 വരെയുമാണ്.
പലപ്പോഴും കടമ്പ്രയാറിലെ മലിനീകരണം ജലജീവികളുടെ കൂട്ടക്കുരുതിക്ക് പോലും കാരണമാകുന്നുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസാണ് കടമ്പ്രയാര്‍. വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഒരേപോലെ കരകവിഞ്ഞൊഴുകുന്ന 27 കീലോമീറ്റര്‍ നീളമുള്ള പതിനാലോളം കൈവഴികളുള്ള ശുദ്ധജല സ്രോതസ്സ്. നിരവധി പഞ്ചായത്തുകളും വ്യവസായ സ്ഥാപനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ഉള്‍നാടന്‍ മത്സ്യ സമ്പത്തും കടമ്പ്രയാറിന്റെ പ്രത്യേകതയാണ്. നാടന്‍ മത്സ്യങ്ങളുടെ കലവറയാണിത്. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം ക്ഷേമനിധി അടക്കുന്ന 40 മത്സ്യത്തൊഴിലാളികളുണ്ട്. എന്നാല്‍ ഇന്ന് പുഴ മലിനീകരണം മൂലം വെള്ളത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും തൊഴിലാളികള്‍ പറയുന്നു. പുല്ലും പായലും നിറഞ്ഞതോടെ വല ഇറക്കാനും കഴിയില്ല. കടമ്പ്രയാര്‍ ടൂറിസം പദ്ധതി കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നങ്കിലും അത് നിലച്ചമട്ടാണ്. പുഴയുടെ മൊത്തം വീതി പല സ്ഥലങ്ങളിലും മൂന്നിലൊന്നായി ചുരുങ്ങി. ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് കടമ്പ്രയാറിന്റെ ഇരുവശങ്ങളിലുമുള്ളത്. കടമ്പ്രയാര്‍ ശുദ്ധീകരിച്ചാല്‍ ഈ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും കൃഷി ഇറക്കാനും കഴിയും. കാര്‍ഷികമേഖലയായ കുന്നത്തുനാടിന്റെ സമഗ്രവികസനത്തിനും കടമ്പ്രയാറിന്റെ വികസനം വഴിയൊരുക്കും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.