ഹരിതശോഭയിൽ... കണ്ണിനു കുളിരായി സിവിൽ സ്റ്റേഷനിലെ സർക്കാർ കാര്യാലയം
text_fieldsകാക്കനാട്: സർവിസ് സംഘടനകളുടെ പോസ്റ്ററുകൾ നിറയാത്ത ഭിത്തികളും തൂണുകളും കാക്കനാട് സിവിൽ സ്റ്റേഷൻ വരാന്തകളിൽ തീരെ അപൂർവമാണെങ്കിലും രണ്ടാം നിലയിലെ തദ്ദേശ സ്വയം ഭരണ ഉപഡയറക്ടറുടെ കാര്യാലയത്തിന്റെ ഇടനാഴിയിലെ ഭിത്തികളിലും തൂണുകളിലും പോസ്റ്ററുകൾക്ക് പകരം ഹരിത ശോഭ പരത്തുന്ന ചെടികളാൽ സമ്പന്നമാണ്. ഇവിടെ എത്തുന്നവരുടെ മനം നിറയും ഇടനാഴിയുടെ ഇരുവശങ്ങളിലുമായി ഒരുക്കിയ പച്ചപ്പ് കണ്ടാൽ. ചെടികളെ പരിചരിക്കുന്നതിനായി കുടുംബശ്രീ മിഷൻ ഓഫിസ് ജീവനക്കാരും ഒപ്പമുണ്ട്.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി ദിനംപ്രതി ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടറെയും, കുടുംബശ്രീ മിഷൻ കോ ഓഡിനേറ്ററെയും കാണാൻ എത്താറുണ്ട്. നഗരത്തിരക്കിലൂടെ യാത്ര ചെയ്ത് തളർന്നാണ് വിവിധ ആവശ്യങ്ങൾക്കായി പലരും ജില്ല ഭരണകൂടത്തിന്റെ പടികൾ കടന്ന് പല ഓഫിസുകളിലേക്കും എത്തുന്നത്.
കുറച്ചു നാൾ മുമ്പ് വരെ കലക്ടറുടെ ഉൾപ്പെടെ നിരവധി ഓഫിസുകളുടെ ഇടനാഴികളിലും ഏതാനും ചെടിച്ചട്ടികൾ ഉണ്ടായിരുന്നെങ്കിലും പരിചരണമില്ലാതെ അവയെല്ലാം കരിഞ്ഞുണങ്ങിയിരുന്നു. കലക്ടറുടെ ഓഫിസിലെത്തുന്ന സന്ദർശകർക്ക് ഇരിക്കാൻ തയാറാക്കിയ സ്ഥലത്ത് മനോഹരമായ റാക്കുകളിൽ ഒരുക്കിയിരുന്ന ചെടികൾ പരിചരണമില്ലാതെ ഉണങ്ങിക്കരിഞ്ഞതിനാൽ കലക്ടറേറ്റ് നടപ്പാതയിലെ ഒരു ഭാഗത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.