മുന്‍ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsകാലടി: ചൊവ്വര കൊണ്ടോട്ടി ബസ്സ്റ്റോപ്പില്‍ രാത്രി സംസാരിച്ചുകൊണ്ടിരുന്ന ശ്രീമൂലനഗരം മുന്‍ഗ്രാമപഞ്ചായത്ത് അംഗം സുലൈമാന്‍ പുതുവാന്‍കുന്ന് അടക്കമുള്ള നാലുപേരെ വടിവാളിന് വെട്ടിയും ചുറ്റിക ഉപയോഗിച്ച് തലക്കിടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (38), ആലപ്പുഴ കുത്തിയതോട് ബിസ്മി മന്‍സിലില്‍ സനീര്‍ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയില്‍ വാടകക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സിറാജ് (37), തൃശൂർ തളിക്കുളം പണിക്കവീട്ടില്‍ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂര് കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.
ബസ് സ്റ്റോപ്പിനു സമീപം വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നവരെയാണ് ഇരുചക്രവാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചുതകര്‍ത്തു. സംഭവശേഷം അക്രമികള്‍ കടന്നുകളഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ സുലൈമാന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു.
എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഡിവൈ.എസ്.പി എ. പ്രസാദ്, ഇന്‍സ്പെക്ടര്‍ ടി.സി. മുരുകന്, സബ് ഇന്‍സ്പെക്ടര്‍മാരായ ജെ.എസ്. ശ്രീജു, എ.സി. സിജു, രാജേഷ് ശ്രീധരന്, എ.എസ്.ഐമാരായ റോണി അഗസ്റ്റിന്, ഇഗ്നേഷ്യസ് ജോസഫ്, സീനിയര്‍ സി.പി.ഒ പി.ഒ സെബി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.