മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണമെന്ന് പരാതി
text_fieldsകാലടി: ജനവാസ മേഖലയായ മേക്കാലടിയില്‍ മാരക പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പശക്കമ്പനി നിർമാണം സ്റ്റോപ്പ് മെമ്മോ ലംഘിച്ചും തുടരുന്നതായി പരാതി. പാടശേഖരത്തോട് ചേര്‍ന്ന് ഫോര്‍മാലിന്‍ യൂറിയ പശക്കമ്പനിയുടെ നിർമാണമാണ് നടക്കുന്നത്. കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്ന് പൗരസമിതി മുന്നറിയിപ്പ് നൽകി.
മാരക വിഷപദാർഥങ്ങള്‍ അടങ്ങിയ ഫോര്‍മാലിന്‍ സംയുക്ത പശ നിർമാണ കമ്പനിക്ക് തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയതാണെന്ന് പൗര സമിതി ഭാരവാഹികൾ പറയുന്നു.
അന്തരീക്ഷം വലിയ രീതിയില്‍ മലിനപ്പെടുത്തുകയും മാരകരോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ സര്‍ക്കാറില്‍ നിന്ന് ലൈസന്‍സുകളും ലഭിക്കാതെ നിയമവിരുദ്ധമായാണ് നടക്കുന്നതെന്നും പരിസരവാസികള്‍ ആരോപിച്ചു.
കലക്ടര്‍, തഹസില്‍ദാര്‍, ആര്.ഡി.ഒ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭൂമി പരിശോധിച്ച് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന പശ നിർമാണ യൂനിറ്റ് പ്രദേശത്തെ കുടിവെള്ള സ്രോതസ്സിനെ ഗുരുതരമായി ബാധിക്കും. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ അനുമതി നിഷേധിച്ച ഫാക്ടറി ആണ് ഭരണ സ്വാധീനം ഉപയോഗിച്ച് ഇവിടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്നും കൂടുതല്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും പൗരസമിതി പ്രസിഡന്റ് ഫൈറൂസ് മീരാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.