മുത്താണ് ഗോഡ്സന
text_fieldsകാലടി: ശബ്ദമില്ലാത്ത ലോകത്ത് മുത്തുകൾ കൊണ്ട് വിസ്മയം തീർത്ത ഗോഡ്സന ആന്റണിയെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരം. വിധി സമ്മാനിച്ച എല്ലാ പരിമിതികളെയും കരവിരുതും കലാവൈഭവവും കൊണ്ട് മറികടക്കുകയാണ് കാലടി മാണിക്കമംഗലം സെന്റ് ക്ലെയർ ഓറൽ ബധിര വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ഗോഡ്സന.
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പുരസ്കാരം സ്വന്തമാക്കിയാണ് ഗോഡ്സന സ്കൂളിന്റെയും നാടിന്റെയും അഭിമാനമായത്. ആറിനും 11നും ഇടയിൽ പ്രായമുള്ളവരുടെ ഭിന്നശേഷി വിഭാഗത്തിൽ കല, ക്രാഫ്റ്റ് എന്ന മേഖലയിലാണ് ഗോഡ്സനക്ക് അവാർഡ്.
ചൊവ്വര ശ്രീമൂലനഗരം മറ്റപ്പള്ളി വീട്ടിൽ ആന്റണി-ജിൻസി ദമ്പതികളുടെ മകളാണ് 11കാരി. ആന്റണി ഓട്ടോ ഡ്രൈവറും ശ്രീമൂലനഗരം രാജഗിരി പള്ളിയിലെ പാട്ടുകാരനുമാണ്. ഗോഡ്സിയ, ഗോഡ് മിലൻ എന്നിവർ സഹോദരങ്ങളാണ്. ഗോഡ് മിലനും മാണിക്ക്യമംഗലം സെന്റ് ക്ലെയർ ഓറൽ ബധര വിദ്യാലയത്തിലെ വിദ്യാർഥിയാണ്.
യു.പി വിഭാഗം സംസ്ഥാനതല മത്സരങ്ങളിൽ മുത്ത് കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിൽ ഗോഡ്സന ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാനതല പ്രവൃത്തി പരിചയ മേളയിൽ കരകൗശല നിർമാണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർഥിനിയാണ് ഗോഡ്സനയെന്ന് പ്രിൻസിപ്പൽ സിസ്റ്റര്‍ അഭയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.