മാണിക്യമംഗലത്തെ വിറപ്പിച്ച് പാറഖനനം
text_fieldsകാലടി: കാലടി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ മാണിക്യമംഗലത്ത് ജനവാസ മേഖലയിൽ അനധികൃത പാറഖനനം നടക്കുന്നു. വിദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലെ ഒരേക്കറിലാണ് രാപകൽ നിയമങ്ങൾ കാറ്റിൽപറത്തി ഖനനം. ഉഗ്ര സ്ഫോടനശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്നത്. 2019ൽ കാലടി പഞ്ചായത്ത് സെക്രട്ടറിയും 2018ൽ മറ്റൂർ വില്ലേജ് സെക്രട്ടറിയും പരാതികളെ തുടർന്ന് പ്രദേശത്തെ പാറഖനനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം കൂടിവരുമ്പോൾ കുറച്ചുദിവസം ഖനനം നിർത്തിവെക്കുകയും പിന്നീട് വീണ്ടും ആരംഭിക്കുകയും ചെയ്യും. പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താൻ ഗുണ്ട സംഘങ്ങളുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
സമീപത്തുളള നിർധനരായവരുടെ മിക്ക വീടുകളുടെ ഭിത്തികളിലും വിള്ളൽവീണു. കാതടപ്പിക്കുന്ന ശബ്ദംമൂലം കുട്ടികൾക്ക് പഠിക്കാൻപറ്റാത്ത സാഹചര്യമാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു. കരിങ്കല്ലുകൾ കയറ്റിയ ടോറസ്-ടിപ്പർ വാഹനങ്ങൾ ചീറിപ്പായുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. പൊടിപടലങ്ങൾ ഉയരുന്നതുമൂലം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇവിടെയുള്ളത്. ആസ്മപോലുള്ള രോഗങ്ങളും പലരും നേരിടുന്നു. പാറഖനനം നടക്കുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലിട്ട് തങ്ങളുടെ നിസ്സഹായവസ്ഥ അധികാരികളെ അറിയിക്കാനുള്ള ശ്രമങ്ങളും പ്രദേശവാസികൾ ചെയ്തിട്ടുണ്ട്. പൊലീസ്, റവന്യൂ, ഗ്രാമപഞ്ചായത്ത്, വില്ലേജ്, മൈനിങ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെ നോക്ക്കുത്തിയാക്കി നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ തടയാൻ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.