കാലടി ‘ബ്ലോക്ക് ’ പഞ്ചായത്തായി മാറുന്നു
text_fieldsകാലടി: എം.സി റോഡില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ കാലടി ‘ബ്ലോക്ക്' പഞ്ചായത്തായി മാറുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവത്തതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
24 മണിക്കൂറും ഗതാഗതം ഇഴഞ്ഞ് നീങ്ങുന്ന നിലയിലാണ്. സ്വകാര്യ ബസുകള്‍ക്ക് ഒറ്റ ദിവസം പോലും ട്രിപ്പുകള്‍ പൂര്‍ത്തീകരിച്ച് സർവിനടത്താന് കഴിയാത്ത അവസ്ഥയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറയുന്നു. കാലടിയില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗത സ്തംഭനം ഇപ്പോള്‍ മറ്റൂര്‍ ജംഗ്ഷനിലും പതിവായി. ഈസ്റ്റര്‍, പെരുന്നാൾ ആഘോഷങ്ങളും മലയാറ്റൂര്‍ തിരുനാളും കഴിഞ്ഞിട്ടും പരിസരപ്രദേശങ്ങളും ഗതാഗതക്കുരുക്കില്‍പ്പെട്ട് നിശ്ചലം ആകുന്ന അവസ്ഥയാണ്.
സിയാല്‍ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരും ദുരിതത്തിലാണ്. എം.സി റോഡില്‍ മരോട്ടിച്ചോടു മുതല്‍ ഒക്കല്‍ വരെയുള്ളഅഞ്ച് കിലോമീറ്ററില്‍ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കടന്നുപോകാന്‍ കഴിയുന്നത്. മറ്റൂര്‍ ജംഗ്ഷനിലും കാലടി ടൗണ്‍ ജംഗ്ഷനിലും പോലീസിന്റെ മേല്‍നോട്ടത്തില്‍ പരിചയസമ്പന്നരായ വാര്ഡന്മാരെ നിയോഗിക്കുന്നതിലുള്ള വീഴ്ചയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണം.
റോഡിന്റെ ഇരുവശങ്ങളിലെ അനധികൃത പാര്‍ക്കിംങ്ങും കുരുക്ക് വർധിതിന് കാരണമാകുന്നുണ്ട്. കാലടിയിലും മറ്റൂരിലും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സിഗ്നല്‍ സംവിധാനങ്ങള്‍ നോക്ക്കുത്തിയായി മാറിയിട്ട് മാസങ്ങളായി. സിഗ്നല്‍ സ്ഥാപിച്ചിട്ടുളള തൂണുകളില്‍ പരസ്യ ബോര്‍ഡുകള്‍ കയ്യടിക്കിയിരുക്കയാണ്. സമയനിഷ്ട പാലിക്കേണ്ട ബസുകള്‍ക്ക് ഗതാഗതക്കുരുക്കുമൂലം ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകള്‍ സ്ഥിരമായി റദ്ദാക്കേണ്ടിവരുന്നത് യാത്രക്കാരുമായി തര്‍ക്കങ്ങള്‍ക്ക് ഇടയാകുന്നുണ്ട്. ഇപ്രകാരം ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വരുന്നതും ചൂട് വര്‍ധിച്ചതിനാല്‍ യാത്രക്കാരുടെ ഗണ്യമായ കുറവും മൂലം ബസ് ഉടമകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഇതിനു പുറമേ കുരുക്കില്പ്പെട്ടതിനാല്ഉണ്ടായ സമയ നഷ്ടം പരിഹരിക്കുവാന്‍ ഡ്രൈവര്‍മാര്‍ അമിതവേഗത എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് അപകടങ്ങള്‍ക്കും ജീവനക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇതൊന്നും കണക്കിലെടുക്കാതെ സ്വകാര്യ ബസ്സുകളുടെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നതും തുടരുന്നുന്നത് പൊതുഗതാഗത സംവിധാനം താളം തെറ്റുന്നതിനും വലിയ പ്രതിസന്ധിക്കും കാരണമാകുന്നതായി അസോസിയേഷന് പ്രസിഡന്റ് ഏ.പി.ജിബി, സെക്രട്ടറി ബി. ഒ.ഡേവിസ് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.