കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി മന്ത്രി
text_fieldsകാലടി: എം.സി റോഡിലെ പ്രധാന പട്ടണമായ കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പരിഹാരം കാണാന്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എത്തി. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കാലടിയില്‍ നടന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും പരിഹാരങ്ങള്‍ മന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സിയാലിന്റെ സഹായത്തോടെ മറ്റൂര്‍ ജങ്ഷനില്‍ റൗണ്ട് എബൗട്ട് ഉടൻ സ്ഥാപിക്കും. ചെമ്പിച്ചേരി റോഡില്‍നിന്ന് കനാല്‍ സ്ലാബ് ഇട്ട് നികത്തി മറ്റൂര്‍ മുതല്‍ വണ്‍വേ സംവിധാനം നടപ്പാക്കും. കാലടി മുതല്‍ മറ്റൂര്‍ വരെ മീഡിയന് സ്ഥാപിച്ച് ഒറ്റവരി ഗതാഗതം നടപ്പാക്കും. ഈ ഭാഗങ്ങളില്‍ അഞ്ച് ട്രാഫിക് പോലീസിനെ നിയോഗിക്കും. നിലവിലുള്ള സിഗ്നല്‍ സംവിധാനം അപാകതകള്‍ പരിഹരിച്ച് പുനരാരംഭിക്കും. ശ്രീശങ്കര പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കുഴികളും വിളളലുകളും ടാര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും. സംസ്കൃത സർവകലാശാല റോഡിലൂടെയുള്ള വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കും. താന്നിപ്പുഴ പാലത്തിനു സമീപമുള്ള ലോറി പാര്‍ക്കിങ് നിരോധിക്കും. മലയാറ്റൂര്‍, കോതമംഗലം, മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മറ്റൂര്‍-കൈപ്പട്ടൂര്‍-മേക്കാലടി വഴി തിരിച്ച് വിടാനുള്ള ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാനുമുളള നിർദേശങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. തീരുമാനങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകന യോഗം ഒരു മാസത്തിനുശേഷം മന്ത്രി നേരില്‍ വന്ന് വീണ്ടും നടത്തും.
കാലടി ടൗണ്‍ റസിഡന്റ്സ് അസോസിയേഷന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി നേരിട്ടെത്തി ഗതാഗത പ്രശ്നങ്ങള്‍ നിരീക്ഷിച്ച് പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയത്. എം.എല്‍.എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. കെ.വി. ടോളിന്, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി ബിജു, ഷൈജന്‍ തോട്ടപ്പിള്ളി, അഡി. ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.